അഴിമതി ആരോപണം അടിസ്ഥാനരഹിതമെന്ന് കെ.സി.എ; നിയമനടപടി സ്വീകരിക്കും
കൊച്ചി: കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജിനെതിരേയുള്ള അഴിമതി ആരോപണം തള്ളി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ക്ലീന്‍ ക്രിക്കറ്റ് സേവ് ക്രിക്കറ്റ് ഫോറം എന്ന പേരില്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയ വ്യക്തികളെ അഴിമതി നടത്തിയതിനും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്താക്കിയിട്ടുള്ളതാണ്.
ജയേഷ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കിയതും അഴിമതി നടത്തിയവരെ പുറത്താക്കിയതെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയത് കാരണം കെ.സി.എയില്‍നിന്ന് പുറത്ത് പോകേണ്ടി വന്ന ഭാരവാഹിയാണ് മുന്‍ പ്രസിഡന്റ് ആയ റോങ്ക്‌ലിന്‍ ജോണ്‍. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയായിരുന്ന പ്രമോദ് അഴിമതി നടത്തി എന്ന് ഹൈക്കോടതിയുടെയും ജില്ലാ കോടതിയുടെയും നിര്‍ദേശപ്രകാരം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ച ആര്‍ബിട്രേറ്റര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംഘടനയില്‍നിന്ന് പുറത്താക്കപ്പെട്ടതാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ആയ റോങ്ക്‌ലിന്‍ ജോണ്‍ കെ.സി.എ ഭാരവാഹി ആയിരിക്കെ കോട്ടയം ജില്ലാ സെക്രട്ടറിയുടെ ദിനബത്ത വ്യാജമായി എഴുതിക്കൊടുത്തതിന്റെ പേരില്‍ സംഘടനയില്‍നിന്ന് പുറത്താക്കപ്പെട്ട് അന്വേഷണം നേരിടുന്നയാളാണ്. സന്തോഷ് കരുണാകരന്‍ കേരളക്രിക്കറ്റ് സീനിയര്‍ ടീം ക്യാപ്റ്റനെതിരേ കഴിഞ്ഞ വര്‍ഷം ഒപ്പുശേഖരണം നടത്താന്‍ പ്രേരിപ്പിച്ചതിന് അന്വേഷണം നേരിട്ട് വരികയാണ്. ഇട്ടി ചെറിയാനെ സാമ്പത്തിക തിരിമറി നടത്തിയതിനു എസ്.ബി.ടി ജോലിയില്‍നിന്ന് പുറത്താക്കിയതാണ്. ജയേഷ് ജോര്‍ജ് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി പദവിയില്‍ എത്തിയത് കേരള ക്രിക്കറ്റ് അസോസിയേഷന് വലിയ നേട്ടമാണ്. അതിന്റെ നിറം കെടുത്താനുള്ള ശ്രമമായി മാത്രമേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനെ കാണുന്നുള്ളൂവെന്നും വാര്‍ത്താസമ്മേളനം നടത്തിയവര്‍ക്കെതിരേ നിയമ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ശ്രീജിത്ത് വി. നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."