ചുരത്തില്‍ അപകട പരമ്പര; മണിക്കൂറുകള്‍ക്കിടെ നടന്നത് അഞ്ച് അപകടങ്ങള്‍
താമരശ്ശേരി: ചുരത്തില്‍ വിവിധ സമയങ്ങളിലായി ഇന്നലെ നടന്നത് അഞ്ച് വാഹനാപകടങ്ങള്‍. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് ആദ്യ അപകടം നടന്നത്. ആന്ധ്രയില്‍നിന്നു സിമന്റുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ചരക്കു ലോറി ബ്രേക്ക് നഷ്ടപ്പെട്ട് എട്ടാം വളവിലെ ഡിവൈഡറില്‍ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞു. മരങ്ങളില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഡ്രൈവറും ക്ലീനറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 8.35ന് ആറാം വളവിലാണ് രണ്ടാമത്തെ അപകടം നടന്നത്. കോഴിക്കോട് നിന്നു കല്‍പ്പറ്റയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പിക്കപ്പ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ മതിലിലിടിക്കുകയായിരുന്നു. ഉച്ചക്ക് മൂന്നരയോടെ ആറാം വളവിന് സമീപമായിരുന്നു മൂന്നാമത്തെ അപകടം. കല്‍പ്പറ്റയില്‍നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മുന്നിലുണ്ടായിരുന്ന ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. ഏഴാം വളവില്‍ വൈകിട്ട് നാലോടെ കുടുംബങ്ങള്‍ സഞ്ചരിച്ച കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് നാലാമത്തെ അപകടം നടന്നത്. അരമണിക്കൂര്‍ കഴിഞ്ഞ് രണ്ടാം വളവില്‍ സ്വകാര്യ ബസും ഇരുചക്ര വാഹനവും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അഞ്ചാമത്തെ അപകടം. അപകടങ്ങളില്‍ ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ല. അപകടങ്ങളെ തുടര്‍ന്ന് നിരവധി തവണ ചുരത്തില്‍ ഗതാഗത സ്തംഭനം നേരിട്ടു. പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."