'തല്‍ക്കാലം നമുക്ക് റാഫേലിനെക്കുറിച്ച് പറയാം'; നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള 15 അധ്യക്ഷന്മാരുടെ പട്ടികയുമായി മോദിയെ വെല്ലുവിളിച്ച് ചിദംബരം
ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാളെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കൂയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രി പി. ചിദംബരം. നെഹ്‌റു- ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള 15 കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവിട്ടാണ് ചിദംബരത്തിന്റെ മറുപടി.
ഇപ്പോള്‍ റാഫേല്‍ കരാറിനെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചും സംസാരിക്കാമെന്നും മോദിയെ വെല്ലുവിളിക്കുകയും ചെയ്തു.
ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി കോണ്‍ഗ്രസിനെ പരിഹസിച്ചത്. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് കോണ്‍ഗ്രസിന് പ്രസിഡന്റില്ലെന്ന തരത്തിലായിരുന്നു അത്. ഇതിനു മറുപടിയായാണ് കോണ്‍ഗ്രസ് ചരിത്രത്തില്‍ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷന്മാരായവരുടെ പട്ടിക തന്നെ ചിദംബരം പുറത്തുവിട്ടത്.
'മോദിയുടെ ഓര്‍മ്മയെ ഉണര്‍ത്താന്‍ വേണ്ടി: 1947 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്മാരായവരില്‍ ആചാര്യ കൃപലാനി, പട്ടാഭി സീതാരമയ്യ, പുരുഷോത്തംദാസ് തണ്ടോന്‍, യു.എന്‍ ധേബര്‍, സഞ്ജീവ റെഡ്ഡി, സഞ്ജീവയ്യ, കാമരാജ്, നിജലിംഗപ്പ, സി. സുബ്രഹ്മണ്യന്‍, ജഗ്ജീവന്‍ റാം, ശങ്കര്‍ ദയാല്‍ ശര്‍മ്മ, ഡി.കെ ബരൂഹ, ബ്രഹ്മാനന്ദ റെഡ്ഡി, പി.വി നരസിംഹ റാവു, സീതാറാം കേസരി എന്നിവരുണ്ടായിരുന്നു'- ചിദംബരം ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിന്റെ അധ്യക്ഷനായി ആര് തെരഞ്ഞെടുക്കപ്പെടുന്നുവെന്ന കാര്യത്തില്‍ മോദി ആശങ്കപ്പെടുന്നതില്‍ ആഹ്ലാദകരമാണെന്നും അതിനുവേണ്ടി അദ്ദേഹം കുറേ സമയം ചെലവഴിക്കുന്നുണ്ടെന്നും ചിദംബരം പരിഹസിച്ചു. അതിന്റെ പകുതി സമയമെങ്കിലും അദ്ദേഹം നോട്ട് നിരോധനത്തെപ്പറ്റിയും ജി.എസ്.ടി, റാഫേല്‍, സി.ബി.ഐ, ആര്‍.ബി.ഐ വിഷയങ്ങളെപ്പറ്റിയും സംസാരിക്കുമോയെന്നും ചിദംബരം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."