ഫലകം നേരത്തെ, പണം മൂന്നുവര്‍ഷം കഴിഞ്ഞ്
കൊണ്ടോട്ടി: 2016-17 സാമ്പത്തികവര്‍ഷത്തെ സ്വരാജ് ട്രോഫി പുരസ്‌കാരം ലഭിച്ച ത്രിതല പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് തുക വിതരണംചെയ്യുന്നത് മൂന്നുവര്‍ഷം കഴിഞ്ഞ്. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. 3.20 കോടിയാണ് അംഗീകാരം ലഭിച്ച 21 ഗ്രാമപഞ്ചായത്തുകള്‍ക്കും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും രണ്ട് ജില്ലാ പഞ്ചായത്തുകള്‍ക്കുമായി നല്‍കേണ്ടത്.
സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, ഓരോ ജില്ലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്കാണ് പ്രശസ്തിപത്രവും സ്വരാജ് ട്രോഫിയും തുകയും അനുവദിച്ചിരുന്നത്. എന്നാല്‍, ട്രോഫിയും പ്രശസ്തിപത്രവും ലഭിച്ചെങ്കിലും തുക നല്‍കിയിരുന്നില്ല.
ഇതുസംബന്ധിച്ച് ത്രിതല പഞ്ചായത്തുകള്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സാമ്പത്തിക ഞെരുക്കം പറഞ്ഞ് തുക വിതരണം ചെയ്തിരുന്നില്ല. ഇത് വിതരണം ചെയ്യുന്നതിനാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 2.15 കോടിയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 60 ലക്ഷവും ജില്ലാപഞ്ചായത്തുകള്‍ക്ക് 45 ലക്ഷവുമാണ് അവാര്‍ഡ് തുക നല്‍കേണ്ടത്.
പത്തനംതിട്ട, എറണാംകുളം ജില്ലാപഞ്ചായത്തുകളാണ് 2016-17 വര്‍ഷം മികച്ച പ്രവര്‍ത്തനത്തിന് ഒന്നും രണ്ടും സ്ഥാനം ലഭിച്ചത്. ഇവര്‍ക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം വീതമാണ് നല്‍കേണ്ടത്. മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ളാലം ബ്ലോക്കിന് 25 ലക്ഷവും രണ്ടാംസ്ഥാനം നേടിയ പള്ളുരുത്തിക്ക് 20 ലക്ഷവും മൂന്നാം സ്ഥാനം നേടിയ പുളിക്കീഴ് ബ്ലോക്കിന് 15 ലക്ഷവുമാണ് അവാര്‍ഡ് തുകയായി ലഭിക്കുക.
ഗ്രാമപഞ്ചായത്തുകളില്‍ സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയ പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തിന് 25 ലക്ഷവും രണ്ടാമതെത്തിയ മുളന്തുരുത്തിക്ക് 20 ലക്ഷവും മൂന്നാംസ്ഥാനം നേടിയ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് 15 ലക്ഷവും ലഭിക്കും. ജില്ലകളില്‍ ഒന്നാമതെത്തിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് പത്ത് ലക്ഷം വീതവും രണ്ടാംസ്ഥാനം നേടിയ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം വീതവുമാണ് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."