ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍
ജിദ്ദ: ഒമാന്‍ ഒഴികെ സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 29 പൂര്‍ത്തിയാക്കിയ ഇന്നലെ വൈകിട്ടോടെ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ഇന്ന് ശവ്വാല്‍ ഒന്ന് ആയി നിശ്ചയിച്ചത്. എന്നാല്‍, മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച്ചയായിരിക്കും.
സഊദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ആണ് ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇയുടെ ചാന്ദ്ര നിരീക്ഷണസമിതിയും മാസപ്പിറവി സ്ഥിരീകരിച്ചു. മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രിം കോടതി അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്വദേശികള്‍ നേരത്തെ തന്നെ ക്യാംപ് ചെയ്തിരുന്നു.
പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഗള്‍ഫ് നാടുകളില്‍ ഒരുക്കിയത്. പള്ളികളിലും പ്രാര്‍ഥനാ ഗ്രൗണ്ടുകളിലും നേരത്തെയെത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് മതകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നത്.
ഖത്തറില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍
ദോഹ: ഖത്തറില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഈദുല്‍ ഫിത്വര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 319 പള്ളികളില്‍ രാവിലെ അഞ്ച് മണിക്ക് പെരുന്നാള്‍ നമസ്‌ക്കാരം നടക്കും. പുലര്‍ച്ചെ ഈദ് നമസ്‌കാരത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമായി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ഥനാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."