കേരളം മികച്ച മാതൃകയായിട്ടും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: ഗവര്‍ണര്‍
തൊടുപുഴ: ബാലസൗഹൃദ രംഗത്തും സ്ത്രീ സുരക്ഷയുടെയും കാര്യത്തില്‍ കേരളം മികച്ച മാതൃകയാണെങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. തൊടുപുഴയില്‍ ബാലാവകാശ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യത്തില്‍ കുട്ടികളെ അവകാശബോധമുള്ളവരാക്കി വളര്‍ത്താന്‍ കഴിയണം. രാജ്യത്തിന്റെ സമ്പത്താണ് കുട്ടികള്‍ എന്ന തിരിച്ചറിവും സമൂഹത്തിന് വേണം. കുട്ടികളെ അഭിസംബോധന ചെയ്യുമ്പോള്‍ രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ മികച്ച സംഭാവന നല്‍കേണ്ട വരുംതലമുറയോടാണ് നാം സംസാരിക്കുന്നത്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന കുട്ടികള്‍ ഒരേ പരിഗണനയല്ല ആവശ്യപ്പെടുന്നത്. പ്രത്യേകതരം സാമൂഹ്യസാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ മറ്റിടങ്ങളിലെ കുട്ടികളേക്കാള്‍ അധികം ചൂഷണത്തിന് ഇരകളാകുന്നു. എല്ലാ സ്‌കൂളുകളിലും 25 പെണ്‍കുട്ടികള്‍ക്കും 40 ആണ്‍കുട്ടികള്‍ക്കും ഒന്ന് എന്ന അനുപാതത്തില്‍ ശുചിമുറികള്‍ നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചു. ഇതിനായി എം.പിമാരും എം.എല്‍.എമാരും അവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് തുക അനുവദിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ന്യൂമാന്‍ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷനായിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കമ്മിറ്റി ചെയര്‍മാനും ഹൈക്കോടതി ജഡ്ജുമായ ജസ്റ്റിസ് ഷാജി പി. ചാലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ പി.സുരേഷ് ആമുഖ പ്രഭാഷണം നടത്തി. ജോയ്‌സ് ജോര്‍ജ് എംപി, പി.ജെ ജോസഫ് എം.എല്‍.എ, ഐ.ജി എസ്. ശ്രീജിത്ത്, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു .കെ, ബാലാവകാശ കമ്മിഷന്‍ അംഗം സിസ്റ്റര്‍ ബിജി ജോസ്, ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."