ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു
കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. ശ്വാസകോശാര്‍ബുദംമൂലം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആറുമണിയോടെ കൊല്‍ക്കത്തയിലാണ് അന്ത്യം. മൂന്നുതവണ രാജ്യസഭാംഗവും രണ്ടുതവണ ലോക്‌സഭാംഗവുമായിരുന്നു. 2004ല്‍ പശ്ചിമബംഗാളിലെ പാംസ്‌കുഡയില്‍നിന്നും 2009ല്‍ ഘട്ടാലില്‍നിന്നുമാണ് ലോക്‌സഭയിലെത്തിയത്. സി.പി.ഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്.
ഇന്നത്തെ ബംഗ്ലാദേശിലെ ബരിസാലില്‍ 1936 നവംബറിലാണ് ജനനം. പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെയും ഇന്ത്യയിലെ തൊഴിലാളിസംഘടനകളുടെയും കരുത്തുറ്റ ശബ്ദങ്ങളിലൊന്നായിരുന്നു ഗുരുദാസ് ദാസ്ഗുപ്തയുടേത്. ജയശ്രീ ദാസ്ഗുപ്തയാണ് ഭാര്യ. ഒരു മകളുണ്ട്. കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനമായ ഭൂപേഷ് ഭവനില്‍ ദാസ്ഗുപ്തയുടെ ഭൗതികശരീരം ഇന്നു രാവിലെ പൊതുദര്‍ശനത്തിന്‌വയ്ക്കും. തുടര്‍ന്ന് സംസ്‌കാരചടങ്ങുകള്‍ നടക്കും. നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."