പാടിയില്‍ പാലം വേണം
തൃക്കരിപ്പൂര്‍: ചെറുകാനത്തെ പാടിയില്‍ പുഴയില്‍ പാലം വേണമെന്ന ആവശ്യം ശക്തമായി. പുഴ കടക്കാനായി ഇരു കരകളിലെയും ജനങ്ങള്‍ ഉപയോഗിച്ചുവന്നിരുന്ന ഏക ഫൈബര്‍ പാണ്ടി കേടായതോടെ ഇതുവഴിയുള്ള ജനങ്ങളുടെ യാത്ര ദുരിതത്തിലായി.
അഞ്ചുവര്‍ഷംമുമ്പ് തട്ടാര്‍കടവ് പാലത്തിന്റെ ഉദ്ഘാടനവേളയിലാണ് പാടിയില്‍ കടവിലും പാലം പണിയുമെന്ന് പ്രഖ്യാപനമുണ്ടായത്. പിന്നീട് റോഡുപാലത്തിനുപകരം ഉപ്പുവെള്ളം കയറുന്നതു തടയുന്നവിധം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായി.
ടി ഗോവിന്ദന്‍ എം.പി ആയിരുന്നപ്പോഴാണ് പാടിയില്‍ പാലം പണിയാനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 2011 ല്‍ ഇടതുസര്‍ക്കാര്‍ വന്നപ്പോള്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാലത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമാക്കി. ഇരു കരകളിലെയും നെല്‍ വയലുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതിനാല്‍ ഇവിടെ ബ്രിഡ്ജ് കം ക്രോസ് ബാര്‍ പണിയാനുള്ള നടപടികളും തുടങ്ങി. ഇതിന്റെ ഭാഗമായി പുഴയില്‍ പൈലിംഗ് ചെയ്ത് നിലം പരിശോധനവരെ നടത്തി.
എന്നാല്‍ ചെറുകാനത്തിനു സമീപത്തായി തലിച്ചാലത്ത് ക്രോസ് ബാര്‍ ഉണ്ടായിരുന്നതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതിക്ക് സാങ്കേതിക പ്രശ്‌നം ഉടലെടുത്തു.
പയ്യന്നൂര്‍ നഗരസഭയില്‍പ്പെടുന്ന കാറമേല്‍, അന്നൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങള്‍ തൃക്കരിപ്പൂരിലേക്ക് എത്തുന്നതിനും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ചെറുകാനം എടാട്ടുമ്മല്‍ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങള്‍ക്കു പയ്യന്നൂര്‍ ഭാഗത്തേക്കു പോകാനുമായുള്ള എളുപ്പ മാര്‍ഗ്ഗമാണ് പാടി കടവ്.
കാറമേല്‍ ഭാഗത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ തൃക്കരിപ്പൂര്‍ ഭാഗത്തേക്കു പോകുവാനായി ഈ കടവു വഴിയാണ് യാത്ര ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."