വിമാനത്താവള ഉദ്ഘാടനം; ആദ്യയാത്രക്കാരെ പ്രത്യേക വാഹനത്തില്‍ എത്തിക്കും
കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രചാരണ ബാനറുകള്‍ സ്ഥാപിക്കാന്‍ മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി നിര്‍വാഹക സമിതി യോഗം നിര്‍ദേശിച്ചു. എല്ലാ സഹകരണ സ്ഥാപനങ്ങളോടും ബോര്‍ഡോ ബാനറോ സ്ഥാപിക്കാന്‍ നിര്‍ദേശിക്കാനും യോഗത്തില്‍ തീരുമാനമായി. ഉദ്ഘാടനത്തിന്റെ ഭാഗമായി മട്ടന്നൂരിലും പരിസരങ്ങളിലും ദീപാലങ്കാരം ഒരുക്കും. മട്ടന്നൂരില്‍ നഗരസഭയും വായന്തോട് മുതല്‍ വിമാനത്താവളം വരെയുള്ള ഭാഗത്ത് പ്രാദേശിക സംഘാടക സമിതിയുമായിരിക്കും ദീപാലങ്കാരം ഒരുക്കുക. മട്ടന്നൂരിലെ വ്യാപാരികളോട് വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കാനും അഭ്യര്‍ഥിക്കും.
ജില്ലയിലെ എല്ലാ പ്രധാന നഗരങ്ങളിലും ജില്ലാ അതിര്‍ത്തിയിലും കിയാലിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ഡിങ് സ്ഥാപിക്കും. ഹരിത പെരുമാറ്റം പൂര്‍ണമായി പാലിച്ച് പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ പ്രചാരണ ബോര്‍ഡ്, ബാനര്‍ എന്നിവയ്ക്ക് ഉപയോഗിക്കാവൂ എന്നും യോഗം കര്‍ശനമായി നിര്‍ദേശിച്ചു.
ഉദ്ഘാടന ദിവസം പ്രധാനവേദിയില്‍ രാവിലെ എട്ടുമുതല്‍ കലാപരിപാടികള്‍ തുടങ്ങുമെന്ന് കിയാല്‍ എം.ഡി വി. തുളസീദാസ് അറിയിച്ചു. ഒന്‍പതിന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നടക്കും. 10ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ഉദ്ഘാടന വിമാനത്തില്‍ പോകുന്ന യാത്രക്കാരെ വായന്തോട് ജങ്ഷനില്‍നിന്ന് പ്രത്യേക വാഹനത്തിലായിരിക്കും വിമാനത്താവളത്തിലേക്കു കൊണ്ടുവരിക. രാവിലെ ഏഴുമുതല്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യും. രാവിലെ 6.30ന് ഇവരോട് വായന്തോട് ജങ്ഷനില്‍ എത്താന്‍ നിര്‍ദേശിക്കുമെന്നും എം.ഡി അറിയിച്ചു. ടെര്‍മിനല്‍ കെട്ടിടത്തില്‍ ആദ്യവിമാനത്തിലെ യാത്രക്കാര്‍ക്ക് വരവേല്‍പ്പ് നല്‍കും. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കു കുടിവെള്ള സൗകര്യം ഒരുക്കാനും യോഗം നിര്‍ദേശിച്ചു. ഡിസംബര്‍ ഏഴിന് മട്ടന്നൂരില്‍ വിപുലമായ വിളംബര ഘോഷയാത്ര നടത്താനും യോഗത്തില്‍ തീരുമാനമായി.
മന്ത്രിമാരായ കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, മട്ടന്നൂര്‍ നഗരസഭാധ്യക്ഷ അനിതാ വേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കിയാല്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ.പി ജോസ്, ചീഫ് പ്രോജക്ട് എന്‍ജിനീയര്‍ ഇന്‍ചാര്‍ജ് കെ.എസ് ഷിബുകുമാര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."