കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ സര്‍വിസുകള്‍ ബുധനാഴ്ച മുതല്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ സര്‍വിസുകള്‍ ബുധനാഴ്ച ആരംഭിക്കും. തുടക്കത്തില്‍ 10 റൂട്ടിലാണ് സര്‍വിസ് നടത്തുക. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാകും സര്‍വിസുകള്‍. ട്രെയിനുകളേക്കാള്‍ നേരത്തെ എത്തുകയാണ് മിന്നല്‍ സര്‍വിസിന്റെ ലക്ഷ്യം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടെത്താന്‍ അമൃത എക്സ്പ്രസിന് 8.50 മണിക്കൂര്‍ എടുക്കുമെങ്കില്‍ മിന്നല്‍ സര്‍വിസിന് ആറര മണിക്കൂര്‍ മതി. രാത്രി പത്തിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 5.50ന് പാലക്കാട്ടെത്തും. വെറും നാല് സ്റ്റോപ്പുകള്‍ മാത്രമാണ് ഈ സര്വിസിനുണ്ടാവുക. 23 ബസുകളാണ് സര്‍വിസിനായി മൊത്തത്തില്‍ തയാറാക്കിയിരിക്കുന്നത്.
ട്രെയിന്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാന വര്‍ധന ലക്ഷ്യമിട്ടുമാണ് മിന്നല്‍ സര്‍വിസ് ആരംഭിക്കുന്നതെന്ന് കെ.എസ്.ആര്.ടി.സി എം.ഡി രാജമാണിക്യം പറഞ്ഞു. വൈകിയോടുന്ന ട്രെയിനുകളില്‍നിന്ന് യാത്രക്കാര്‍ മിന്നല്‍ സര്‍വിസിലേക്ക് മാറുമെന്നും കെ.എസ്.ആര്.ടി.സി കണക്കുകൂട്ടുന്നു.
ലാഭകരമെന്ന് കണ്ടാല്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. നിലവിലെ സൂപ്പര്‍ഫാസ്റ്റ് സര്വിസുകളേക്കാള് മൂന്നുമണിക്കൂര്‍ വരെ നേരത്തെ ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നല്‍ സര്‍വിസിന്റെ നിരക്കില്‍ മാറ്റമുണ്ടാകില്ല. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടെത്താന്‍ 6.30 മണിക്കൂറാണ് എടുക്കുക. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുകള്‍ ഉണ്ടാകുക. തിരുവനന്തപുരം-കാസര്‍കോട് 11.30 മണിക്കൂര്‍ (എട്ട് സ്റ്റോപ്പ്),തിരുവനന്തപുരം-കണ്ണൂര്‍ 9.30 മണിക്കൂര്‍ (ആറ് സ്റ്റോപ്പ്),തിരുവനന്തപുരം - സുല്‍ത്താന്‍ ബത്തേരി 9.20 മണിക്കൂര്‍ (എട്ട് സ്റ്റോപ്പ്), തിരുവനന്തപുരം - മാനന്തവാടി 9.25 മണിക്കൂര്‍ (എട്ട് സ്റ്റോപ്പ്), തിരുവനന്തപുരം - കട്ടപ്പന 6.15 മണിക്കൂര്‍ (അഞ്ച് സ്റ്റോപ്പ്), തിരുവനന്തപുരം - മൂന്നാര്‍ 6.30 മണിക്കൂര്‍ (നാല് സ്റ്റോപ്പ്),പാലക്കാട് - കുമളി 6.05 മണിക്കൂര്‍ (നാല് സ്റ്റോപ്പ്), പാലക്കാട് - മംഗളൂരു 7.20 മണിക്കൂര്‍ (നാല് സ്റ്റോപ്പ്) എന്നിങ്ങനെയാണ് സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."