കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ വില അധ്യാപകരില്‍ നിന്ന് ഈടാക്കാന്‍ നീക്കം
കല്‍പ്പറ്റ: കെട്ടിക്കിടക്കുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ വില അധ്യാപകരില്‍ നിന്ന് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു.
2010 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലെ വിതരണം ചെയ്യാത്ത പുസ്തകങ്ങളുടെ വിലയും 12 ശതമാനം പലിശയും അടക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മുഖേനയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് കൈമാറുന്നത്.
ഇക്കാരണത്താല്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ബാധ്യതയാണ് തങ്ങളുടേതല്ലാത്ത കാരണത്താല്‍ അധ്യാപകര്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ പാഠപുസ്തക വിതരണ ചുമതലയുള്ള അധ്യാപകര്‍ക്ക് തുക തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ നിന്ന് ഉത്തരവ് നല്‍കി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഏഴ് വര്‍ഷക്കാലത്തെ കൃത്യമായ ഓഡിറ്റ് നടത്താനോ രേഖകള്‍ പരിശോധിക്കാനോ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ കണക്കെടുക്കാനോ കാലവര്‍ഷക്കെതിയില്‍ നശിച്ചവയെ കുറിച്ച് കേള്‍ക്കാനോ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല.
പാഠ്യപദ്ധതി പരിഷ്‌കരണം മൂലവും മറ്റും കുട്ടികള്‍ക്ക് വിതരണം ചെയ്യാനാവാതെ പോയ പുസ്തകങ്ങള്‍ തിരിച്ചെടുക്കാനും സ്‌കൂള്‍ തല സ്റ്റോക്കില്‍ കുറവ് വരുത്താനും നിലവില്‍ ഉത്തരവുണ്ട്.
എന്നാല്‍ ഇതെല്ലാം അവഗണിച്ച് ഏകപക്ഷീയമായി തുക നിശ്ചയിച്ച് ഉത്തരവിലൂടെ പണം ഈടാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
തിരുവനന്തപുരത്തുള്ള സംസ്ഥാന പാഠപുസ്തക ഓഫിസര്‍ക്കാണ് സ്‌കൂളുകള്‍ക്കാവശ്യമുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയുടെയും വിതരണത്തിന്റെയും ചുമതല. ആവശ്യത്തിനനുസരിച്ചുള്ള പുസ്തകങ്ങളുടെ ഓര്‍ഡര്‍ സ്വീകരിച്ച് സമയബന്ധിതമായി പുസ്തക വിതരണം പൂര്‍ത്തിയാക്കണം.
ജില്ലകളിലൊരുക്കിയ പാഠപുസ്തക ഡിപ്പോകളില്‍ നിന്ന് പുസ്തകങ്ങള്‍ സ്വീകരിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട ചുമതല സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കാണ്. സ്‌കൂള്‍ സഹകരണ സൊസൈറ്റികള്‍ മുഖേനയും നേരിട്ടും ഇങ്ങിനെ പുസ്തക വിതരണം നടത്താന്‍ ഹെഡ്മാസ്റ്റര്‍ക്ക് അധികാരമുണ്ട്.
സൊസൈറ്റിയാണെങ്കില്‍ സെക്രട്ടറിയും ഇല്ലാത്തിടങ്ങളില്‍ അധ്യാപകനും വിതരണ ചുമതല ഏറ്റെടുക്കും. ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യമായാണ് പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യുന്നത്.
സൗജന്യമായി വിതരണം ചെയ്യുന്ന പുസ്തകങ്ങളുടെ വില എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍മാര്‍ സ്‌കൂളുകള്‍ക്ക് നല്‍കും.ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് നേരിട്ട് വാങ്ങാനാവും. വാഹനം, കയറ്റിറക്ക്, എത്തിക്കാനുള്ള ചെലവിനത്തില്‍ അഞ്ച് ശതമാനവും സ്‌കൂള്‍ വിതരണ ചെലവിനായി അഞ്ച് ശതമാനവും കഴിച്ച് ബാക്കി ആകെ തുകയുടെ തൊണ്ണൂറ് ശതമാനം തുക ട്രഷറിയില്‍ അടക്കണമെന്നാണ് വ്യവസ്ഥ.സ്‌കൂള്‍ സൊസൈറ്റികളുടെ ശാക്തീകരണത്തിനായാണ് അഞ്ച് ശതമാനം തുക നല്‍കുന്നത്. പാഠപുസ്തക വിതരണ ഹൈലെവല്‍ മോണിറ്റററിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശമാണിത്.
ഇതൊന്നും പരിഗണിക്കാതെയാണ് ഏഴ് വര്‍ഷത്തെ കുടിശ്ശിക തുക ഏകപക്ഷീയമായി നിശ്ചയിച്ചിരിക്കുന്നത്. പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട ഇന്റന്റ്, ക്യാഷ് ബുക്ക്, ഡേബുക്ക്, ഡെലിവറി ചെല്ലാന്‍, ചെല്ലാന്‍ റസിപ്റ്റ്, സ്റ്റോക്ക് രജിസ്റ്റര്‍, കാലഹരണപ്പെട്ട പുസ്തകങ്ങളുടെ എണ്ണം, കേടുപാടുകള്‍ വന്നവയുടെ എണ്ണം ഇതൊന്നും പരിശോധിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നത്.സാമ്പത്തിക ബാധ്യത മുഴുവന്‍ പാഠപുസ്തക വിതരണ ചുമതലയുള്ള അധ്യാപകന്റെത് മാത്രമാക്കി മാറ്റാനാണ് ശ്രമം.
പ്രധാനാധ്യാപകര്‍ നല്‍കുന്ന ഇന്റന്റ് അനുസരിച്ച് വാങ്ങുന്ന പുസ്തകങ്ങളുടെ വിതരണ ചുമതലയാണ് അധ്യാപകര്‍ ചെയ്യുന്നത്. നവംബര്‍ മാസത്തിലാണ് ഇന്റന്റ് നല്‍കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ 'സമ്പൂര്‍ണ്ണ' അടിസ്ഥാനമാക്കിയാണ് പുസ്തകം ആവശ്യമുള്ള കുട്ടികളുടെ എണ്ണമെടുക്കുന്നത്.
അതില്‍ അഞ്ചു ശതമാനം വര്‍ധന വരുത്തണമെന്നും നിര്‍ദേശമുണ്ട്. മിക്ക കുട്ടികളും പഴയ പുസ്തകങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്നവരാണ്.സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പെ കുട്ടികളുടെ ഏകദേശം എണ്ണം കണക്കാക്കി ഇന്റന്റ് നല്‍കേണ്ടി വരുന്നു.
കൂടാതെ കുട്ടികളുടെ അഡ്മിഷന്‍ കുറവ് വന്നാല്‍ പുസ്‌കം വിതരണം ചെയ്യാന്‍ സാധിക്കാതെ വരുന്നു. സിലബസ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായും വിതരണം തടസ്സപ്പെടും.
ഇതിന്റെയെല്ലാം കാരണമായി പുസ്തകങ്ങള്‍ സ്റ്റോക്ക് ചെയ്യപ്പെടുകയാണ് പതിവ്. ഇവ തിരിച്ചെടുക്കാന്‍ ഉത്തരവുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്യം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ വില അധ്യാപകരില്‍ നിന്നും ഈടാക്കുന്നതിനെതിരേ പ്രതിഷേധമുയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.
പുസ്തകങ്ങളുടെ വില അധ്യാപകരില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കില്ല: കെ.എസ്.ടി.യു
കല്‍പ്പറ്റ: കാലഹരണപ്പെട്ടതും കേടുപാടുകള്‍ സംഭവിച്ചതും സിലബസ് പരിഷ്‌കാരത്തിന്റെ ഭാഗമായി മാറിയതുമായ പുസ്തകങ്ങളുടെയും വില അധ്യാപകരില്‍ നിന്ന് ഈടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അധ്യാപകരുടെ ആശങ്കയകറ്റാന്‍ അടിയന്തിര യോഗം വിളിക്കണമെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍(കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രേഖകള്‍ പരിശോധിച്ച് കൃതൃമായ ഓഡിറ്റ് നടത്താതെയാണ് ബാധ്യത കണക്കാക്കിയത്. പുസ്തക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് വിതരണം നടക്കാതെ പോയത്. ഒറ്റ പുസത്കമായിരുന്നത് പരിഷ്‌കാരത്തിന്റെ ഭാഗമായി മൂന്നെണ്ണമാക്കി.
നിരന്തമായുണ്ടാക്കിയ മാറ്റങ്ങളാണ് ഇത്രയധികം ബാധ്യയുണ്ടാവാന്‍ കാരണം. വിതരണം ചെയ്യാനാവാത്ത പുസ്തകങ്ങള്‍ തിരിച്ചെടുക്കുന്ന സമ്പ്രദായവും നിര്‍ത്തലാക്കി. കാലഹരണപ്പെട്ടതും കേടുപാടുകള്‍ സംഭവിച്ചതും സിലബസ് പരിഷ്‌കാരത്തിന്റെ ഭാഗമായി മാറിയതുമായ പുസ്തകങ്ങള്‍ തിരിച്ചെടുക്കുമെന്ന ഉത്തരവ് ഉദ്യോഗസ്ഥര്‍ പാലിച്ചില്ല.
മുന്നറിയിപ്പില്ലാതെയാണ് പുസ്തക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. ഇതിന്റെയെല്ലാം ഫലമായുണ്ടായ സാമ്പത്തിക ബാധ്യത പുസ്തക വിതരണ ചുമതലയുള്ള അധ്യാപകരില്‍ കെട്ടിവെക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. ഇതംഗീകരിക്കാനാവില്ല.
സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കാതെ ബാധ്യതകള്‍ അധ്യാപകരുടെ മേല്‍ കെട്ടിവെക്കുകയാണ്. സ്ഥാപന മേധാവികളാണ് പുസ്തകം ആവശ്യമുള്ള കുട്ടികളുടെ ഇന്റന്റ് നല്‍കുന്നത്. പുസ്തക വിതരണ ചുമതലയാണ് അധ്യാപകര്‍ക്കുള്ളത്. ഇതെല്ലാം അറിയുന്ന വിദ്യാഭ്യാസ വകുപ്പ് തന്നെ അിറവില്ലായ്മ നടിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്, മുന്‍ സെക്രട്ടറി കെ. അബ്ദുല്‍ കരീം, ജില്ലാ ട്രഷറര്‍ കെ. സിദ്ദീഖ്, സംസ്ഥാന സമിതി അംഗം ഇ.ടി റിഷാദ്, കെ. നസീര്‍, സി. നാസര്‍, എം. അയ്യൂബ്, കെ.എം മുഹമ്മദ് റാഫി, പി.എം ജൗഹര്‍, സി. അഷ്‌റഫ്, എം. അബൂബക്കര്‍, എം.പി മുസ്തഫ, പി.എം മുനീര്‍, ടി.കെ ഷാനവാസ്, കെ.സി ഹമീദ്, എം.യു ലത്തീഫ്, ഇ അബ്ദുറഹിമാന്‍, പി.എം അനസ്, സി. ഹാരിസ്, പി.എം മുജീബ് റഹ്മാന്‍, പി. നിസാമുദ്ധീന്‍ സംസാരിച്ചു. പ്രസിഡന്റ് കെ.പി ഷൗക്കുമാന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."