സന്തോഷ് ട്രോഫി: കേരളത്തിന് തുണയായത് യുവത്വവും പ്രഫഷണലിസവും; കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കണ്ടത് കേരളത്തിന്റെ സമ്പൂര്‍ണാധിപത്യം
കോഴിക്കോട്: യുവത്വവും പ്രഫഷനലിസവും ഒത്തുചേര്‍ന്ന നിരയാണ് 2017ല്‍ സ്വന്തമാക്കിയ സന്തോഷ് ട്രോഫി ഇത്തവണ കേരളത്തിലെത്തിക്കാന്‍ ബിനോ ജോര്‍ജ്ജ് ഒരുക്കിനിര്‍ത്തിയത്. ആദ്യ മല്‍സരത്തിലെ കളി കണ്ടാല്‍ ആ തന്ത്രം വിജയിച്ചെന്നുവേണം കരുതാന്‍. ദക്ഷിണ മേഖല യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായി അഞ്ചുഗോളുകള്‍ക്കാണ് മുന്‍ ചാംപ്യന്‍മാരായ ആന്ധ്രപ്രദേശിനെ .കേരളം ഇന്ന് തകര്‍ത്തുവിട്ടത്.
കഴിഞ്ഞ സീസണില്‍ ഒരു ഗോള്‍ പോലും നേടാതെ പുറത്തുപോയെന്ന പേരുദോഷം ആദ്യ മത്സരത്തില്‍ തന്നെ എണ്ണം പറഞ്ഞ അഞ്ചു ഗോളുകള്‍ നേടി തീര്‍ത്തിരിക്കുകയാണ് കേരളം. ഈ ഒത്തിണക്കവും കളി മികവും തുടര്‍ന്നാല്‍ സന്തോഷ് ട്രോഫി ഒരിക്കല്‍ കൂടി കേരളത്തിലെത്തുമെന്നതില്‍ സംശയമില്ല.
പരിശീലകന്‍ ബിനോ ജോര്‍ജ്ജിന്റെ കീഴില്‍ മിഥുനും സംഘവും അത്ര മേല്‍ ശക്തരാണെന്ന് വിളിച്ചുപറയുകയായിരുന്നു ഇന്നത്തെ മത്സരം. കളിയുടെ മുഴുവന്‍ സമയവും കേരള മുന്നേറ്റ നിരയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു കോഴിക്കോട് ഇ.എം.എസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകീട്ട് കണ്ടത്. കേരള മുന്നേറ്റനിരയും ആന്ധ്ര പ്രതിരോധനിരയും തമ്മിലായിരുന്നു യഥാര്‍ത്ഥ മത്സരം. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനാവാതെ നിസ്സഹായരായ ആന്ധ്രാ കളിക്കാര്‍ക്ക് മുമ്പില്‍ കേരളത്തിന്റെ മധ്യനിരയും മുന്നേറ്റ നിരയും കളം നിറഞ്ഞ് കളിച്ചു.
ആന്ധ്രാ ഗോള്‍ മുഖത്ത് തുടര്‍ച്ചയായ ആക്രമണം അഴിച്ചുവിട്ട കേരളത്തിന് ഫിനിഷിങ്ങില്‍ പലപ്പോഴും പിഴച്ചു. പകരക്കാരനായിറങ്ങി ഇരട്ട ഗോള്‍ നേടിയ വിമല്‍ ബെന്നിയുടെ പ്രകടനമാണ് കേരള നിരയില്‍ മികച്ചുനിന്നത്. മുഴുവന്‍ അവസരങ്ങളും ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കില്‍ ഒരു ഡസന്‍ ഗോളിനെങ്കിലും ജയിക്കാമായിരുന്ന കേരളത്തിന് വെല്ലുവിളിയായത് ആന്ധ്ര ഗോള്‍കീപ്പറുടെ മിന്നുന്ന സേവുകളായിരുന്നു. കേരളത്തിന്റെ ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് ആന്ധ്ര ഗോള്‍ കീപ്പര്‍ കോപ്പിസെറ്റി അജയ്കുമാര്‍ തട്ടിയകറ്റിയത്.
കേരളത്തിന് വേണ്ടി എമില്‍ ബെന്നി രണ്ടും ബിന്‍ തോമസ്, ലിയോണ്‍ അഗസ്റ്റിന്‍, ഷിഹാദ് എന്നിവര്‍ ഒരു ഗോള്‍ വീതവും നേടി. ശനിയാഴ്ച തമിഴ്‌നാടിനെ തോല്‍പ്പിച്ചാല്‍ കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."