പനി: ഉടന്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കോട്ടയം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നും പനിബാധ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതായും പനിബാധയോ മറ്റു അസുഖങ്ങളോ അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ മറ്റ് ആശുപത്രികളിലോ എത്തി ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
സാധാരണ ജലദോഷം മുതല്‍ ഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, എച്ച് 1 -എന്‍ 1 എന്നിവ ബാധിച്ചവരിലും പനിയുണ്ടാകാം. തുടക്കത്തില്‍ ശരിയായ ചികിത്സ നടത്തുകയും വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്താല്‍ രോഗം മൂര്‍ച്ചിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. സ്വയം ചികിത്സയും അപൂര്‍ണമായ ചികിത്സയും രോഗിയുടെ നില വഷളാക്കാന്‍ ഇടയാക്കുമെന്നുളളതു കൊണ്ട് ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഡി.എ.ഒ നിര്‍ദ്ദേശിച്ചു.
കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം, കോളറ, വയറിളക്ക രോഗങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷ നേടാന്‍ കഴിയും. ആഴ്ചയില്‍ ഒരിക്കലെങ്കിലും കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ഓടകള്‍, അഴുക്ക് ചാലുകള്‍ തുടങ്ങയി സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ എലിപ്പനിക്കെതിരെ മുന്‍കരുതലെടുക്കുകയും വേണം.
എലിപ്പെനിക്കെതിരെയുളള പ്രതിരോധ മരുന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കയ്യും മുഖവും കഴുകുന്നതും എച്ച്1 എന്‍1 പോലുളള അസുഖബാധ തടയുന്നതിന് സഹായകമായിരിക്കും. എച്ച്1 എന്‍1 ചികിത്സയ്ക്കുളള മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും ലഭ്യമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."