'സി.പി.എമ്മിന്റേത് മതേതര ഐക്യത്തിന് തുരങ്കം വെക്കുന്ന സമീപനം'
ഉദുമ കാഞ്ഞങ്ങാട്: ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരേ രൂപപ്പെടുന്ന മതേതര ഐക്യത്തിന് തുരങ്കം വെക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. വര്‍ഗീയ മുക്തഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് ഉദുമയില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ മതേതര യുവജന സംഘടനകള്‍ രൂപീകരിച്ച ഐക്യനിരയില്‍ ആദ്യം സഹകരിച്ച ഡി.വൈ.എഫ്.ഐ ഇപ്പോള്‍ മാറി നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സി.പി.ഐ സ്വീകരിച്ച സമീപനം പോലും സി.പി.എമ്മില്‍ നിന്നും ഉണ്ടായിട്ടില്ല. തെലുങ്കാനയില്‍ നിലവില്‍ വന്ന വിശാല സഖ്യത്തില്‍ മുസ്ലിം ലീഗും സി.പി.ഐയും ഉള്ളപ്പോള്‍ സി.പി.എം മാറിനില്ക്കുന്നു. മതേതര ഐക്യത്തില്‍ നിന്ന് പുറംതിരിഞ്ഞ് നില്ക്കുന്ന സി.പി.എമ്മിന്റെ സമീപനം സംഘ്പരിവാര്‍ ശക്തികള്‍ക്കാണ് ഗുണം ചെയ്യുകയെന്നും സി.കെ സുബൈര്‍ പറഞ്ഞു.
ചടങ്ങില്‍ കെ.ഇ.എ ബക്കര്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍, ഹാരിസ് തൊട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ മണ്ഡലം, പഞ്ചായത്ത്, ശാഖാ തലങ്ങളിലെ നേതാക്കള്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് വച്ച് നടന്ന ജില്ലാതല സമാപന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. എം.പി ജാഫര്‍ അധ്യക്ഷനായി. മെട്രോ മുഹമ്മദ് ഹാജി, എം.സി ഖമറുദ്ദിന്, കല്ലട്ര മാഹിന്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, കുഞ്ഞമ്മദ് പുഞ്ചാവി, അരവിന്ദന്, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, അന്‍വര്‍ സാദത്ത്, നജീബ് കാന്തപുരം സംസ്ഥാന ട്രഷറര്‍ സമദ് എന്നിവര്‍ സംബന്ധിച്ചു.
ജില്ലാതല സമാപന ചടങ്ങിന്റെ ഭാഗമായി വൈറ്റ് ഗാര്‍ഡ് പരേഡും ഉണ്ടായിരുന്നു. വന്‍ ജനാവലിയാണ് യുവജനയാത്രയില്‍ ജില്ലയിലെങ്ങും അണിനിരന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."