സാര്‍ക്ക് ഉച്ചകോടിക്ക് പാകിസ്താന് മോദിയെ ക്ഷണിക്കും
ഇസ്ലാമാബാദ്: പാകിസ്താനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്താന്. പാകിസ്താന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഡോണ്‍ അടക്കമുള്ള പാക് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഒരു ചുവട് മുന്നോട്ടുപോയാല്‍ പാകിസ്താന് രണ്ട് ചുവട് മുന്നോട്ട് പോകുമെന്ന് ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞ കാര്യം പാക് വിദേശകാര്യ വക്താവ് ഓര്‍മ്മിപ്പിച്ചു.
നേരത്തെ, 2016 ല്‍ ഇസ്ലാമാബാദില് നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പിന്നാലെ മറ്റ് അംഗരാജ്യങ്ങളായ ബംഗ്ലാദേശും ഭൂട്ടാനും അഫ്ഗാനിസ്താനും പിന്മാറിയിരുന്നു. തുടര്‍ന്ന് ഉച്ചകോടി റദ്ദാക്കുകയായിരുന്നു.
ശ്രീലങ്കയും നേപ്പാളും മാലിദ്വീപുമാണ് സാര്‍ക്കിലെ മറ്റ് അംഗരാജ്യങ്ങള്‍. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഉച്ചകോടിയുടെ വേദി നിര്‍ണയിക്കുന്നത് അംഗരാജ്യങ്ങളുടെ അക്ഷരമാല ക്രമത്തിലാണ്. 2014ലെ സാര്‍ക്ക് ഉച്ചകോടി നടന്നത് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."