വിനായകന്റെ ആത്മഹത്യ: അന്വേഷണം തൃപ്തികരമല്ലെന്ന്
തൃശൂര്‍: പൊലിസ് മര്‍ദ്ദിച്ചതില്‍ വേദനിച്ച് ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറ്റക്കാരായ പൊലിസുകാരെ സഹായിക്കുന്ന സമീപനമാണ് മേലധികാരികളുടേത്. വിനായകന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം അനുവദിക്കുക, കുറ്റക്കാരായ പാവറട്ടി എസ്‌ഐയ്ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരേ പട്ടികജാതിക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും നരഹത്യക്കുള്ള വകുപ്പു പ്രകാരവും കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിന് ഏങ്ങണ്ടിയൂര്‍ പോളയ്ക്കല്‍ സെന്റര്‍ പരിസരത്ത് പ്രതിഷേധ പൊതുയോഗം ചേരുന്നതിനും പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. തന്റെ മകന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ക്രൂരമായ രീതിയില്‍ പൊലിസ് അവനെ ഉപദ്രവിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണദാസ് ചോദിച്ചു.
അന്തസ്സായി അധ്വാനിച്ചാണ് രണ്ട് മക്കള്‍ അടങ്ങുന്ന കുടുംബം ഇതുവരെ കഴിഞ്ഞത്. വിനായകിന്റെ പേരില്‍ എന്നല്ല കുടുംബാംഗങ്ങളുടെ ആരുടേയും പേരില്‍ ഒരു കേസ് പോലുമില്ല. ആറ് മാസം മുമ്പ് വിദേശത്ത് ജോലിക്കായി പോയ മൂത്തമകന്‍ ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്. വിനായകിന്റെ മരണത്തിലുള്ള ദുഃഖം താങ്ങാനാകാതെ അമ്മ തളര്‍ന്ന് കിടക്കുകയാണ്.
മകനെ ദ്രോഹിച്ചവര്‍ക്ക് എന്തായാലും ശിക്ഷ കിട്ടണമെന്നും കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിനായകന്റെ അച്ഛന്‍ കൃഷ്ണദാസ്, ഇളയച്ഛന്‍ ആനന്ദന്‍, എ.കെ. സന്തോഷ്, ആനന്ദന്‍ വടക്കുംതല, കെ.എസ്. ഷൈജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."