കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിന് തുടക്കമായി: പ്രവേശനോത്സവം ഡിസം. ഒന്നിന്
പാലക്കാട്: കുടുംബശ്രീ അംഗങ്ങളെ വിവിധ വിഷയങ്ങളില്‍ അവബോധമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ആരംഭിച്ച കുടുംബശ്രീ സ്‌കൂള്‍ പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കമായി. കുടുംബശ്രീ സ്‌കൂളിന്റെ ഭാഗമായി ജില്ലയിലെ 23206 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി മൂന്ന് ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങളാണ് പരിശീലനത്തില്‍ പങ്കെടുക്കുക. ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാണ് രണ്ടാംഘട്ടത്തില്‍ ക്ലാസുകള്‍ നടക്കുന്നത്. ഓരോ അയല്‍ക്കൂട്ടത്തിനും രണ്ട് മണിക്കൂര്‍ വീതമുള്ള ആറ് ക്ലാസുകളിലായി വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും. കുടുംബശ്രീ അയല്‍ക്കൂട്ടം, കുടുംബശ്രീ പദ്ധതികള്‍, കണക്കെഴുത്ത് അയല്‍ക്കൂട്ടത്തില്‍, ധനവിനിയോഗം കുടുംബത്തിലും അയല്‍ക്കൂട്ടത്തിലും, ഉപജീവന വികസനം, സൂക്ഷ്മ സംരംഭങ്ങളിലൂടെ, ദുരന്തനിവാരണ പ്രവര്‍ത്തനം അയല്‍ക്കൂട്ടത്തില്‍ എന്നീ വിഷയങ്ങളാണ് സ്‌കൂള്‍ പാഠ്യ വിഷയത്തില്‍ ഭാഗമാക്കുന്നത്.
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളായ 42 ലക്ഷം പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിക്കുന്നത്. ജില്ലയില്‍ കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി എ.ഡി.എസ് തല അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലനത്തിന് തുടക്കമായി. 96 സി.ഡി.എസുകളില്‍ നിന്നായി 3315 റിസോഴ്‌സ് പേഴ്‌സണ്‍മാരെ 45 ക്ലസ്റ്ററുകളായി തിരിച്ചാണ് രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നത്. എ.ഡി.എസ് തല പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ആലത്തൂര്‍ എം.എല്‍.എ, കെ.ഡി പ്രസേനന്‍ നിര്‍വഹിച്ചു.
ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി 15 വരെയാണ് ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ കുടുംബശ്രീ സ്‌കൂള്‍ സംഘടിപ്പിക്കുക. സ്‌കൂള്‍ പ്രവേശനോത്സവം ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കും. സി.ഡി.എസ് തലങ്ങളില്‍ പഠിതാക്കളുടെ ഘോഷയാത്ര, 'അറിവാണ് ശക്തി ' എന്ന ആശയം മുന്‍നിര്‍ത്തി സിഗ്‌നേച്ചര്‍ ക്യാംപയിന്‍, ഒന്നാം ഘട്ടത്തില്‍ മികവ് പുലര്‍ത്തിയ അയല്‍ക്കൂട്ടങ്ങളെ ആദരിക്കല്‍, നാടകാവതരണം, ബാലസഭ കുട്ടികളുടെ കലാപ്രകടനങ്ങള്‍ എന്നിവ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."