സംസ്ഥാന കലോത്സവത്തിലേക്കില്ല; വിവാദ നാടകം പിന്‍വലിച്ചു
കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച വിവാദ നാടകം 'കിതാബ് ' സ്‌കൂള്‍ അധികൃതര്‍ പിന്‍വലിച്ചു. നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കില്ലെന്നും സ്‌കൂള്‍ ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പലും അറിയിച്ചു. ഇസ്‌ലാം മതത്തെ അവഹേളിക്കുന്ന ഉള്ളടക്കമുള്ള നാടകം വിവാദമായ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു നടപടി. നാടകത്തില്‍ ക്ഷമാപണം നടത്തിക്കൊണ്ടുള്ള കുറിപ്പും അധികൃതര്‍ നേതാക്കള്‍ക്കു കൈമാറി.
നാടകത്തില്‍ വന്ന ചില പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ വേദനിപ്പിച്ചതായി മനസിലാക്കുന്നു. എന്നാല്‍, ഇതു മനഃപൂര്‍വം സംഭവിച്ചതല്ല. ആരെയെങ്കിലും വേദനിപ്പിച്ചോ മനസില്‍ മുറിവേല്‍പ്പിച്ചോ ഒരു കലാപ്രവര്‍ത്തനവും നടത്താന്‍ വിദ്യാലയം ശ്രമിച്ചിട്ടില്ല. ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പൊതുബോധം എക്കാലത്തും നിലനിര്‍ത്തിവന്നിട്ടുള്ള വിദ്യാലയം തുടര്‍ന്നും അതു നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുവിദ്യാലയ അന്തരീക്ഷത്തെ സംശയത്തിന്റെ നിഴലില്‍നിര്‍ത്താന്‍ സ്ഥാപനത്തിന് ഒട്ടും താല്‍പര്യമില്ല. ഒരു വിഭാഗത്തിനു പോറലേല്‍പ്പിച്ച 'കിതാബ് ' എന്ന നാടകം തുടര്‍ന്ന് അവതരിപ്പിക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നു-കുറിപ്പില്‍ പറയുന്നു.
വിദ്യാര്‍ഥികളെ ഉപയോഗിച്ച് ഇസ്‌ലാം വിരുദ്ധ നാടകം അവതരിപ്പിച്ചതിനെതിരേ കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വടകരയില്‍ പ്രകടനവും മേമുണ്ടയില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്.
ചര്‍ച്ചയില്‍ ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെ അപകീര്‍ത്തിപ്പെടുത്തുംവിധത്തില്‍ അരങ്ങേറിയ നാടകം സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കരുതെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചിരുന്നു.
സംഘടനയെ പ്രതിനിധീകരിച്ച് മുസ്തഫ മുണ്ടുപാറ, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, അലി അക്ബര്‍ മുക്കം, കബീര്‍ റഹ്മാനി കാക്കുനി, മുഹമ്മദ് തോടന്നൂര്‍, റാഷിദ് കാക്കുനി എന്നിവരും സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ പി.കെ കൃഷ്ണദാസ്, സ്റ്റാഫ് സെക്രട്ടറി പി. അശോകന്‍, പി.കെ ജിതേഷ് എന്നിവരുമാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.
വിവാദ നാടകം പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിഷേധ പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."