സഊദി എണ്ണയുല്‍പാദനം വര്‍ധിപ്പിച്ചതിനു പിന്നാലെ ആഗോള എണ്ണവിപണി വീണ്ടും ഇടിഞ്ഞു
റിയാദ്: ഇറാന്‍ ഉപരോധത്തിന് പിന്നാലെ സഊദി അറേബ്യ എണ്ണയുല്‍പാദനവും വിതരണവും വര്‍ദ്ധിപ്പിച്ചതോടെ എണ്ണവിപണി വീണ്ടും കൂപ്പുകുത്തുന്നു. ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് എണ്ണവിതരണം നടക്കുന്നത്. 2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ റഷ്യയടക്കമുള്ളവര്‍ ഉല്‍പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ കുറയാന്‍ തുടങ്ങിയ എണ്ണവില സഊദിയുടെ എണ്ണയുല്‍പാദന നിലപാട് കൂടിയായതോടെ വില വീണ്ടും കൂപ്പുകുത്തുകയായിരുന്നു. എണ്ണയുല്‍പാദനവുമായും വില നിര്‍ണ്ണയവുമായും ബന്ധപ്പെട്ടു വിയന്നയില്‍ എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെയും ഒപെക് ഇതര രാജ്യങ്ങളുടെയും നിര്‍ണായക യോഗം ചേരാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ഇറാന്‍ ഉപരോധം വന്നതോടെ വിപണിക്ക് ആവശ്യമായ എണ്ണ നല്‍കാന്‍ സഊദി ഒരുങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സഊദി എണ്ണ വിതരണം വര്‍ധിപ്പിച്ചത്. ഇതോടെയാണ് ഒരു വര്‍ഷത്തിനിടയില്‍ ആദ്യമായി എണ്ണവില വീണ്ടും 50 ഡോളറിന് താഴെയെത്തിയത്. 160ല്‍ നിന്നും മുപ്പതിലേക്കെത്തിയ എണ്ണവില കടുത്ത ശ്രമങ്ങള്‍ക്കൊടുവില്‍ ബാരലിന് 80 ഡോളര്‍ വരെ എത്തിയിരുന്നു. ഇതാണ് വീണ്ടും 50 ഡോളറിനും താഴെയെത്തിയത്. നിലവില്‍ ബാരലിന് 49.81 നിരക്കിലാണ് വ്യാപനം നടക്കുന്നത്. വിലയിടിവ് തടയാന്‍ ഒപെക് കൂട്ടായ്മക്ക് അകത്തും പുറത്തുമുള്ള രാഷ്ട്രങ്ങള്‍ സംയുക്തമായി ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഫലം കാണാത്തതിനിടെ അടുത്ത മാസം നടക്കുന്ന ഒപെക് യോഗം അതിനിര്‍ണായകമാകും.
നാല് വര്‍ഷത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ നവംബറില്‍ 80ലെത്തിയ എണ്ണവില പിന്നീട് മുപ്പത് ശതമാനമാണ് ഇടിഞ്ഞത്. ഏതാനും ദിവസത്തിനുളില്‍ റഷ്യയും സഊദിയും തമ്മില്‍ മോസ്‌കോയില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഉല്‍പാദനത്തെ കുറിച്ച് ധാരണയുണ്ടാകുമെന്നും അതിനു മുന്നോടിയായി അര്‍ജന്റീനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ സഊദി ക്രീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിനും കൂടിക്കാഴ്ച്ച സാധ്യമായാല്‍ എണ്ണയുല്‍പാദന, വിലകളെ കുറിച്ചും ധാരണയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക എണ്ണ മാര്‍ക്കറ്റില്‍ ദീര്‍ഘ ദര്‍ശനം ചെയ്യാവുന്ന രീതിയിലും സുഗമമായ വിലനിയന്ത്രണവും റഷ്യ ആഗ്രഹിക്കുന്നതായും റഷ്യന്‍ വിദേശ കാര്യ സഹമന്ത്രി സെര്‍ജി റിയാബ്‌ക്കോവ് അര്‍ജന്റീനയിലെ ബ്യൂണസ് ആയേഴ്‌സില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."