പരസഹായമില്ലാതെ ഉപയോഗിക്കാവുന്ന വാക്കര്‍ വികസിപ്പിച്ചെടുത്ത് വിദ്യാര്‍ഥിനികള്‍
അന്തിക്കാട്: പരസഹായമില്ലാതെ ഉപയോഗിക്കാവുന്ന വാക്കര്‍ വികസിപ്പിച്ചെടുത്ത് വിദ്യാര്‍ഥിനികള്‍. വാക്കറിനെ നിമിഷ നേരം കൊണ്ട് വീല്‍ ചെയറാക്കി മാറ്റാനും സാധിക്കും. പുത്തന്‍പീടിക സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ വിന്‍ ഷിജയും ധന്യയുമാണ് മള്‍ട്ടി വാക്കറുമായി ജനശ്രദ്ധ നേടിയത്.
നടക്കാന്‍ ബുദ്ധിമുട്ടു നേരിടുന്ന വ്യക്തിക്കു മറ്റൊരാളുടെ സഹായം കൂടാതെ വീടിനകത്തും ശുചിമുറിയിലും കൂടാതെ റോഡ് മുറിച്ചുകടന്നു പുറത്തു പോയി കാര്യങ്ങള്‍ സ്വയം നടത്തി വരാനും സഹായിക്കുന്ന രീതിയിലാണ് ഉപകരണത്തിന്റെ നിര്‍മാണം. ഇരുമ്പിന്റെ നാലു സ്‌ക്വയര്‍ പൈപ്പിലാണ് വാക്കറിന്റെ ചട്ടക്കൂട്.
ആറു വലിയ ചക്രങ്ങളും ചെറിയ രണ്ടു ചക്രങ്ങളും ഇതിനുണ്ട്. വാക്കറില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സര്‍ പ്രവര്‍ത്തിച്ചു കടന്നു പോകുന്ന വഴിയിലെ തടസങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. ഇതു മൂലം കാഴ്ചശക്തി കുറഞ്ഞവര്‍ക്ക് ഉപകരണം വളരെ നിസാരമായി പ്രവര്‍ത്തിപ്പിക്കാനാകും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള കാമറയിലൂടെ ദൂരെയിരുന്നു മറ്റൊരാള്‍ക്ക് മൊബൈല്‍ വഴി വാക്കര്‍ ഉപയോഗിച്ചു പോകുന്ന വഴികള്‍ കാണാനുള്ള സംവിധാനമുണ്ട്. റോഡ് മുറിച്ചു കടക്കേണ്ട അവസ്ഥയില്‍ സ്വയം പ്രവര്‍ത്തിക്കുന്ന അലര്‍ട്ട് സിസ്റ്റം വാക്കറിലുണ്ട്. രാത്രികാല ഉപയോഗത്തിനായി ടോര്‍ച്ച്, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ലിവര്‍ സിസ്റ്റം വഴി ഭാരം നാലിലൊന്നായി ലഘൂകരിച്ച് പടികളില്‍ ഉപയോഗിക്കാവുന്ന സ്റ്റെപ്പ് ക്ലൈംബര്‍ സംവിധാനവും ശ്രദ്ധേയമാണ്. മൊബൈല്‍ ചാര്‍ജ് ചെയ്യാനും ബാഗും മറ്റു വസ്തുക്കളും സൂക്ഷിക്കാനും ഈ കൊച്ചുവാക്കറില്‍ സൗകര്യമുണ്ട്.
വെറും അഞ്ചു വാള്‍ട്ട് വൈദ്യുതിയിലാണ് ഉപകരണം ചാര്‍ജ് ചെയ്യുന്നത്. ഇതു വീല്‍ചെയറായി ഉപയോഗിക്കുമ്പോള്‍ കട്ടിലിനോടു ചേര്‍ത്തു നിര്‍ത്തിയാല്‍ രോഗികളായവര്‍ക്ക് അനായാസം വീല്‍ചെയറില്‍ കയറാനും പ്രാഥമികാവശ്യത്തിനു വീല്‍ ചെയറില്‍ പോയി സീറ്റു മാത്രം മാറ്റി ഉപയോഗിക്കാമെന്ന പ്രത്യേകതയും ഉണ്ട്. വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ഉപകരണത്തിന്റെ ചെലവ് 2000 രൂപ മാത്രം. ഉപകരണം കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കികളായ രണ്ടു വിദ്യാര്‍ഥിനികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."