നാണംകെട്ട് പടിയിറക്കം; വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ഫഡ്‌നാവിസ് രാജിവച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയം ഉറപ്പിച്ചതോടെ ഉപമുഖ്യമന്ത്രി അജിത് പവാറിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസും രാജിവച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് ഔദ്യോഗികമായി രാജിപ്രഖ്യാപിച്ചത്. അല്‍പസമയത്തിനകം ഗവര്‍ണര്‍ക്ക് രാജികത്ത് നല്‍കും. തങ്ങള്‍ക്ക് അനുകൂലമായിരുന്നു ജനവിധിയെന്നും ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജിവയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്.
ശിവസേനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനം തുടങ്ങിയത്. ശിവസേന കള്ളം പറഞ്ഞതാണ്, മുഖ്യമന്ത്രിപദം പങ്കിടാന്‍ ശിവസേനയുമായി ധാരണയില്ലായിരുന്നു. ഫലം വന്നതിനു പിന്നാലെതന്നെ ശിവസേന വിലപേശല്‍ തുടങ്ങിയിരുന്നെന്നും ബി.ജെ.പിയെ മാറ്റിനിര്‍ത്തുകയാണ് ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സ്ഥിരതയുള്ള സര്‍ക്കാരല്ല മഹാരാഷ്ട്രയില്‍ ഇനി അധികാരത്തിലെത്തുകയെന്നും ആശയ വ്യത്യാസമുള്ള മൂന്ന് പാര്‍ട്ടികളാണ് സഹകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവസേന അധികാരക്കൊതി മൂത്താണ് സോണിയയുമായി സഹകരിക്കുന്നതെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വന്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. പാര്‍ട്ടി പിളര്‍ത്തി ഉപമുഖ്യമന്ത്രിയാകാന്‍ പോയ അജിത്ത് സ്ഥാനം രാജിവച്ചതോടെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിനും സഖ്യകക്ഷികളായ ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഇത് രാഷ്ട്രീയവിജയമാണ്.
നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷത്തിന് വേണ്ട 145 എന്ന സംഖ്യയിലേക്കെത്താന്‍ ബി.ജെ.പിക്ക് സാധിക്കില്ല. കഴിഞ്ഞ ദിവസം 162 എംഎല്‍എമാരെ അണിനിരത്തി ശിവസേന കോണ്‍ഗ്രസ് എന്‍സിപി സഖ്യം ശക്തിതെളിയിച്ചിരുന്നു. ഇതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി ക്യാമ്പിനും വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."