കുടിവെള്ളം, വന്യമൃഗശല്യം, പകര്‍ച്ചപ്പനി; നടപടി വേണമെന്ന് വികസനസമിതി
കല്‍പ്പറ്റ: ജില്ലയിലെ ജലനിധി പദ്ധതികള്‍ വളരെ മന്ദഗതിയിലാണെന്നും നിലവില്‍ നടന്നുവരുന്ന പണികള്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കാണമെന്നും ജില്ലാവികസന സമിതിയുടെ നിര്‍ദേശം. മാനന്തവാടി, എടവക, നല്ലൂര്‍നാട് സമഗ്ര കുടിവെള്ള പദ്ധതി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി സെപ്റ്റംബര്‍ 30ന് മുമ്പ് പൂര്‍ത്തീകരക്കാന്‍ ജല അതോറിട്ടിക്കും യോഗം നിര്‍ദേശം നല്‍കി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന ജലസേചന പദ്ധതികള്‍ ഏറെ വൈകുന്നതായി ഒ.ആര്‍ കേളു എം.എല്‍.എ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം അനുവദിച്ച 10 ജോലികളില്‍ നാലെണ്ണം പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. മറ്റുജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനമരം- വള്ളിയൂര്‍ക്കാവ്- മാനന്തവാടി റോഡ് കിഫ്ബിയില്‍ ചെയ്യുന്നതിന് അനുമതി ലഭിച്ചെങ്കിലും അതിനുമുമ്പ് അടിയന്തിരമായി അറ്റകുറ്റപ്പണി സെപ്റ്റംബറില്‍ ചെയ്യാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. ഒ.ആര്‍.കേളു എം.എല്‍.എ യോഗത്തില്‍ ഇത് സംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവച്ചു.
ജില്ലയിലെ വന്യമൃഗശല്യം പ്രത്യേകിച്ചും ആനശല്യം തടയുന്നതിന് സ്റ്റീല്‍- റെയില്‍ ഫെന്‍സിങ് ഇടുന്നതാണ് അഭികാമ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച രൂപരേഖ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ഇതിനായുള്ള ടെക്‌നിക്കല്‍ സമിതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും അനുമതി ലഭിച്ചാലുടന്‍ ഫെന്‍സിങ് നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
ലാഭകരമല്ല എന്ന കാര്യം ചൂണ്ടിക്കാട്ടി വയനാട്ടിലെ പല ഭാഗങ്ങളിലും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്നും ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ക്ക് കത്തുനല്‍കുമെന്നും വികസന സമിതിയോഗത്തിന്റെ ആവശ്യം ജില്ലാകലക്ടര്‍ നേരിട്ട് എം.ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും യോഗത്തില്‍ പറഞ്ഞു.
പകര്‍ച്ചപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടക്കുന്നതായി ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു.
അമ്പലവയലില്‍ നടക്കുന്ന ചക്ക മഹോത്സവത്തിന് എല്ലാ വകുപ്പുകളുടെയും സഹായസഹകരണം നല്‍കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. പകര്‍ച്ചപ്പനി നിയന്ത്രണത്തിന് ഉച്ചക്കുശേഷമുള്ള ഒ.പി പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്തുകള്‍ ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ ക്ഷണിച്ചെങ്കിലും ആരും വരാത്ത സാഹചര്യമാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകത്തില്‍ നിന്നുള്ള ഡോക്ടര്‍മാരെ ഇതിനായി വിനിയോഗിക്കാനുള്ള അനുവാദം വാങ്ങുന്നകാര്യം പരിഗണിക്കാമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."