അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികള്‍ക്ക് നിയന്ത്രണം വരുന്നു
ആഷിഖ് അലി ഇബ്രാഹിം#
മുക്കം: പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന വിധവും കന്നുകാലികള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിന് നിയന്ത്രണം വരുന്നു. 1961ലെ കേരള കാറ്റില്‍ ട്രെസ് ആക്ട്, 1962 ലെ കേരള കാറ്റില്‍ ട്രെസ് പാസ് റൂള്‍സ് എന്നിവ പ്രകാരം പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി പഞ്ചായത്ത് പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ നിയന്ത്രിക്കേണ്ടതും സംരക്ഷിക്കേണ്ടതും തദ്ദേശ സ്ഥാപനത്തിന്റെ ചുമതലകളാണ്.
പരാതികളെത്തുടര്‍ന്ന് ഇത് സംബന്ധിച്ച നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യമുള്ള സ്ഥലങ്ങളില്‍ തൊഴുത്തുകള്‍ നിര്‍മിച്ച് അനന്തര നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇത്തരം സംവിധാനം ഒരുക്കുവാന്‍ കഴിയാത്ത പഞ്ചായത്തുകള്‍ താല്‍ക്കാലികമായി കന്നുകാലികളെ പിടിച്ചെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ഭരണസമിതി തീരുമാനത്തിന് വിധേയമായി കരാറുകാരനെ ചുമതലപ്പെടുത്തണം.
യഥാര്‍ഥ ഉടമസ്ഥരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കന്നുകാലികളെ ലേലം ചെയ്ത് ഗ്രാമപഞ്ചായത്ത് ഫണ്ടിലേക്ക് മുതല്‍കൂട്ടും. കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരം പഞ്ചായത്ത് ഭരണസമിതി ഒരു മാസത്തിനുള്ളില്‍ പ്രമേയം പാസാക്കി പട്ടികളെയും പന്നികളെയും വളര്‍ത്തുന്നതിന് ലൈസന്‍സും പേവിഷബാധക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്പ്പും നിര്‍ബന്ധമാക്കണം.
വളര്‍ത്തു നായകളെയും പന്നികളെയും ഒരു സാഹചര്യത്തിലും പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കരുതെന്ന വ്യവസ്ഥ ലൈസന്‍സില്‍ ഉള്‍പ്പെടുത്തും. തെരുവു നായകളുടെ വംശവര്‍ധന ഇല്ലാതാക്കുന്നതിന് എല്ലാ പഞ്ചായത്തുകളും എ.ബി.സി പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കണമെന്നും ഇതുസംബന്ധിച്ച മോണിറ്ററിങ് സംവിധാനം ശക്തിപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
വഴിയോരങ്ങളിലും ഓടകളിലും പൊതു-സ്വകാര്യ സ്ഥലങ്ങളിലും മാംസാവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന പ്രവണത കര്‍ശനമായി നിയന്ത്രിക്കുകയും വീടുകള്‍തോറും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടാക്കുകയും വേണം.
പൊതുനിരത്തുകള്‍, തോടുകള്‍, പുഴകള്‍ എന്നിവിടങ്ങളില്‍ മാംസാവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്നവര്‍ക്കെതിരേ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ പൊലിസിന്റെ സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."