ഇവര്‍ക്ക് കണ്ണാണ് നാരായണന്‍ മാസ്റ്റര്‍
കാഞ്ഞങ്ങാട്: വര്‍ത്തമാനകാലത്ത് പല സംഭവ വികാസങ്ങള്‍ക്കും വേദിയാകുന്ന സ്‌കൂള്‍ അങ്കണങ്ങളില്‍ നിന്നുള്ള സങ്കടക്കഥകള്‍ക്കിടയില്‍ സഹജീവി സ്‌നേഹത്തിന്റെ ഒരു കഥ പറയട്ടെ. നാട് മുഴുവന്‍ അധ്യാപകരെ വിവിധ വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴാണ് ഉത്തരദേശത്ത് നിന്നും നിസ്വാര്‍ഥ സേവനത്തിന്റെ ഈ കഥ. കാഴ്ചയില്ലാത്ത ലോകത്ത് തന്റെ വിദ്യാര്‍ഥികളെ കൈപ്പിടിച്ച് നടത്തുകയാണ് കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ നാരായണന്‍ മാസ്റ്ററെന്ന നന്മമരം.
ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. 15 വര്‍ഷത്തോളമായി ഈ കുട്ടികള്‍ മാഷിന്റെ കൈപിടിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളിലെത്തി കൈയടി വാങ്ങാന്‍ തുടങ്ങിയിട്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതം തീര്‍ത്ത കാസര്‍ഗോഡിന്റെ മണ്ണില്‍ നിരവധി ഭിന്നശേഷിക്കാരാണുള്ളത്. അവരില്‍ മൂന്നുപേരാണ് നാരായണന്‍ മാഷിന്റെ പ്രിയപ്പെട്ട ശിഷ്യരായ ദേവി കിരണ്‍, ദിലീപ്, ജീവന്‍ രാജ് എന്നിവര്‍. ഒപ്പം ജന്മനാ കാഴ്ച ശക്തിയില്ലാത്ത അഭിലാഷും. ഇതില്‍ ദിലീപ്, ജീവന്‍രാജ്, അഭിലാഷ് എന്നിവര്‍ നാരായണന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ തന്നെ ശബ്ദകലയില്‍ വേദികള്‍ കൈയടക്കുന്നവരാണ്്.
ദേവി കിരണ്‍ സംഗീതലോകത്താണ് പ്രതിഭ തെളിയിച്ചത്. ദിലീപ് പാലക്കാട് കലോത്സവത്തിലടക്കം മിന്നും പ്രകടനം നടത്തി മിമിക്രിയില്‍ എ ഗ്രേഡ് നേടിയവനാണ്. ദേവീകരിണ്‍ സംസ്ഥാന കലോത്സവങ്ങളില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിവയില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
നിലവില്‍ ജീവന്‍ രാജും ദിലീപും മാഷിന്റെ കൈപ്പിടിയില്‍ നിന്ന് പിടിവിട്ട് കോളജ് വിദ്യഭ്യാസത്തിലേക്ക് കടന്നെങ്കിലും ഇപ്പോഴും മാഷിന്റെ വിളിപ്പുറത്തുണ്ട്. ജീവന്‍ രാജും അഭിലാഷുമാണ് ഇപ്പോള്‍ സ്‌കൂള്‍ തലത്തില്‍ മാഷിനൊപ്പം മിമിക്രി വേദികള്‍ കൈയടക്കി കൊണ്ടിരിക്കുന്നത്. ഉപജില്ലയിലും ജില്ലയിലും സംസ്ഥാന തലത്തിലും മാഷിന്റെ കൈപിടിച്ചാണ് ഈ കുട്ടികളെത്താറ്.
ജീവന്‍ രാജ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും അഭിലാഷ് ഹൈസ്‌കൂള്‍ വിഭാഗത്തിലുമാണ് വേദികള്‍ കൈയടക്കുന്നത്. കണ്ണായി നാരായണന്‍ മാസ്റ്റര്‍ കൂടെയുള്ളപ്പോള്‍ തങ്ങള്‍ക്ക് മറ്റൊന്നിെനയും ഭയക്കാനില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഇന്നലെ കാഞ്ഞങ്ങാട്ടെ കലോത്സവ വേദിയില്‍ നാലുപേരും മാഷിനൊപ്പം എത്തിയിരുന്നു. ജന്മം കൊണ്ട് കണ്ണൂരുകാരനായ മാസ്റ്റര്‍ കഴിഞ്ഞ 28 വര്‍ഷമായി കാസര്‍ഗോഡ് ജില്ലയിലാണ് ജോലി ചെയ്യുന്നത്.
മാസ്റ്ററുടെ ഭാര്യ ഇതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഗണിത അധ്യാപികയായ ശോഭനയാണ്. മൂത്തമകന്‍ നവനീത് ബംഗളുരുവില്‍ ബി.ടെക് വിദ്യാര്‍ഥിയാണ്. ഇളയവന്‍ നവജിത് ആറാംതരത്തിലാണ് പഠിക്കുന്നത്. കളനാടാണ് താമസം. അന്വത്തടുക്കയിലെ ഈശ്വര്‍ നായികിന്റെയും പുഷ്പലതയുടെയും മക്കളാണ് ദേവി കിരണും ജീവന്‍രാജും. മേല്‍പറമ്പിലെ വിനോദ്‌രാധ ദമ്പതികളൂടെ മകനാണ് അഭിലാഷ്. കുമാരന്‍ ദാക്ഷായണി ദമ്പതികളുടെ മകനാണ് ദിലീപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."