വിനായകന്റെ മരണം: സി.ബി.ഐ അന്വേഷിക്കണം: കൊടിക്കുന്നില്‍
തൃശൂര്‍: വിനായകന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിനായകന്റെ മരണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജില്ലയിലെ മൂന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും വിനായകന്റെ വീട്ടിലേയ്ക്ക് തിരിഞ്ഞുനോക്കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിനായകന്റെ വീട് സന്ദര്‍ശിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. സംഭവസമയത്ത് പൊലിസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന എസ്.ഐയെ പ്രതി ചേര്‍ക്കാതെ രണ്ട് സിവില്‍ പൊലിസ് ഓഫിസര്‍മാരെ മാത്രം കേസില്‍ പ്രതിചേര്‍ത്തത് സംശയകരമാണ്. എസ്.ഐ യെ സസ്‌പെന്റ് ചെയ്യണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
പൊലിസ് സ്‌റ്റേഷനില്‍ വിനായകന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ മൊഴി പൊലിസ് തയാറാക്കിയ എഫ്.ഐ.ആറില്‍ രേഖപ്പെടുത്താത്തതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. വിനായകന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കണം. എല്‍.ഡി.എഫ് ഭരണത്തില്‍ കേരളത്തില്‍ ദലിത് പീഡനങ്ങള്‍ വര്‍ധിക്കുകയാണ് . ഇതിനെതിരേ ഓഗസ്റ്റ് 16ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം സംഘടിപ്പിക്കുമെന്നും ദലിത് സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന ദലിത് പീഡനങ്ങള്‍ക്ക് സമാനമാണ് ഇപ്പോള്‍ കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന ദലിത്പീഡനങ്ങള്‍. ദലിതരെ കള്ളക്കേസില്‍ കുടുക്കാന്‍ വ്യാപകശ്രമം നടക്കുന്നുണ്ട്. ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന്
ആവശ്യപ്പെടും: പട്ടികജാതി കമ്മിഷന്‍
വാടാനപ്പള്ളി: പൊലിസ് മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടുമെന്ന് പട്ടികജാതി കമ്മിഷന്‍ ചെയര്‍മാന്‍ പി.എന്‍ വിജയകുമാര്‍. ഏങ്ങണ്ടിയൂരിലെ വിനായകന്റെ വീട് കമ്മിഷന്‍ സന്ദര്‍ശിച്ചു.
പൊലിസ് സ്റ്റേഷനില്‍ വിനായകനെ മര്‍ദിച്ചെന്നത് വാസ്തവമാണെങ്കില്‍ ഉത്തരവാദികളെ സര്‍വിസില്‍ തിരിച്ചെടുക്കരുതെന്ന് കമ്മിഷന്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കേസില്‍ തല്‍കാലം ഇടപെടുന്നില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കും.
റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ റൂറല്‍ പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. പട്ടിക ജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ വിനായകിന്റെ കേസ് വരുമോയെന്നത് പരിശോധിക്കും. നടപടി സ്വീകരിക്കുമെന്ന് കലക്ടറും എസ്.പിയും ഉറപ്പുനല്‍കിയിട്ടുണ്ട്.
കലക്ടര്‍ എ. കൗശികന്‍, റൂറല്‍ പൊലിസ് മേധാവി എന്‍. വിജയകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് കമ്മിഷന്‍ ചെയര്‍മാന്‍ എത്തിയത്. വിനായകിന്റെ അച്ഛന്‍ ചക്കാണ്ടന്‍ കൃഷ്ണന്‍, മറ്റ് ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരോട് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
വലപ്പാട് സി.ഐ സി.ആര്‍ സന്തോഷ്, ചാവക്കാട് തഹസില്‍ദാര്‍ കെ.വി അംബ്രോസ് എന്നിവരും എത്തിയിരുന്നു.
വിനായകന്റെ മരണം:
ലോകായുക്തയില്‍ ഹരജി
തൃശൂര്‍: വിനായകന്റെ മരണത്തില്‍ പാവറട്ടി പൊലിസിനെതിരേ ലോകായുക്തയില്‍ ഹരജി. വിനായകന്റെ പിതാവ് ചക്കാണ്ടന്‍ കൃഷ്ണനാണ് ലോകായുക്തയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, ക്രിമിനല്‍ നിയമവും, പട്ടികജാതി വര്‍ഗ അതിക്രമ നിരോധനനിയമ പ്രകാരം ഉള്‍പ്പെടെ നടപടിയാവശ്യപ്പെട്ടാണ് ഹര്‍ജി.
വിഷയത്തില്‍ സസ്‌പെന്‍ഷനിലായ സി.പി.ഒമാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ പ്രതി ചേര്‍ത്തുള്ള ഹര്‍ജിയില്‍ വിനായകനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള ഐ.ജി ഓഫിസിലെ ഡ്യൂട്ടി ഡയറി, കേസ് ജനറല്‍ ഡയറികള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേസ് നാളെ പരിഗണിക്കും.
ദലിതനെന്നു കേട്ടാല്‍ വിറളിപിടിക്കുന്നവര്‍
കേരളാ പൊലിസിലുണ്ട്: മന്ത്രി എ.കെ ബാലന്‍
തൃശൂര്‍: ദലിതനെന്നു കേട്ടാല്‍ വിറളിപിടിക്കുന്ന ഒരു വിഭാഗം കേരളാ പൊലിസിലുണ്ടെന്നു പട്ടികജാതി, പട്ടികവര്‍ഗക്ഷേമ വകുപ്പു മന്ത്രി എ.കെ ബാലന്‍. അത്തരക്കാര്‍ സേനയില്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. എങ്ങണ്ടിയൂരില്‍ പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളാട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊലിസിലെ ഒരു ചെറിയ വിഭാഗത്തിന് ഇപ്പോഴും ക്രിമിനല്‍ സ്വഭാവമുണ്ട്. പൊലിസ് സ്റ്റേഷനുകള്‍ മൂന്നാംമുറയുടെ കേന്ദ്രമാണെന്നാണ് അത്തരക്കാരുടെ ഭാവം. ഇത്തരം കാടത്ത സ്വഭാവമുള്ളവരെ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. വിനായകന്റെ മരണം സംബന്ധിച്ച് അച്ഛന്‍ സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്. ഡി.എച്ച്.ആര്‍.എം തനിക്ക് നേരിട്ടും പരാതി നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ മുഖ്യമന്ത്രിയെ ബോധിപ്പിക്കുകയും ഡി.ജി.പിക്ക് വിഷയത്തില്‍ കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം വൈകിയിട്ടില്ല. സര്‍ക്കാര്‍ വിനായകന്റെ കുടുംബത്തിനൊപ്പമുണ്ട്. സ്ഥലം എം.എല്‍.എ സംഭവ ദിവസം തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടതാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു പറഞ്ഞ ബന്ധുക്കളോട് സ്വകാര്യ അന്യായം ഫയല്‍ ചെയ്യാന്‍ സൗകര്യമുണ്ടെന്നും അത്തരമൊരു സാഹചര്യമുണ്ടായാലും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു.
അതിനിടെ, കേസ് സി.ബി.ഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് വിനായകന്റെ കുടുംബം മന്ത്രിക്കു നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."