ഫാസിസത്തെ പ്രതിരോധിക്കുന്നതിന് ജനകീയ കൂട്ടായ്മയുമായി എസ്.കെ.എസ്.എസ്.എഫ് 2000 കേന്ദ്രങ്ങളില്‍ നാട്ടുമുറ്റം
തൃശൂര്‍: രാജ്യത്ത് വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ചിന്താധാരയെ പ്രതിരോധിക്കുന്നതിന് ശക്തമായ ജനകീയ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിഞ്ഞാട്ടങ്ങളുടെ പ്രത്യക്ഷ ഇര ഒരു പ്രത്യേക വിഭാഗമാണെങ്കിലും അതിനെതിരേയുള്ള മൗനം രാജ്യത്തിന്റെ സമാധാനത്തേയും സുസ്ഥിര വികസനത്തേയും തകര്‍ക്കും. ജനകീയ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന് 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന ശീര്‍ഷകത്തില്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ എസ്. കെ.എസ്.എസ്.എഫ് ആചരിക്കുന്ന ദേശീയോദ്ഗ്രഥന കാംപയിനിന്റെ ഭാഗമായി സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ 'നാട്ടുമുറ്റം' സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എസ്. കെ.എസ്.എസ്.എഫ് നേതൃസംഗമം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്താര്‍ പന്തല്ലൂര്‍. കേരളത്തിന്റെ ഗ്രാമങ്ങളില്‍ എല്ലാ മതവിഭാഗങ്ങള്‍ തമ്മിലും നിലനിര്‍ത്തിപ്പോന്ന അതിരില്ലാത്ത സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിഷ്‌കളങ്കരായ സ്ത്രീകളുടേയും കുട്ടികളുടേയും മനസില്‍ അനാവശ്യ ഭീതി നിറക്കുന്നതിനും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതിനായി ഫാസിസ്റ്റ് ശക്തികള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അസൂത്രിതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിനായി ആരാധനാലയങ്ങള്‍ പോലും ദുരുപയോഗം ചെയ്യുന്നു. തല്‍ഫലമായി നന്മയുടെ തുരുത്തുകളായ ഗ്രാമങ്ങളില്‍ പോലും മത ഭേദമന്യേ നിലനിര്‍ത്തിപ്പോന്ന മാനവിക കൂട്ടായ്മക്ക് ഗുരുതരമായ തകര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ബോധവല്‍കരിക്കുന്നതിനും സ്വഭാവിക സൗഹൃദങ്ങള്‍ക്ക് ശക്തി പകരുന്നതിനുമാണ് നാട്ടുമുറ്റം സംഘടിപ്പിക്കുന്നത്. വൈകുന്നേരങ്ങളില്‍ ഗ്രാമങ്ങളില്‍ നടന്ന പഴയ കാല സൗഹൃദ ചര്‍ച്ചകള്‍ പുനഃസൃഷ്ടിക്കുകയും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് നാട്ടുമുറ്റം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാംപയിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് സംസ്ഥാനത്തെ മുഴുവന്‍ മേഖലകളിലും'ഫ്രീഡം സ്‌ക്വയര്‍' നടക്കും. കൊരട്ടിക്കര അല്‍ഫുര്‍ഖാന്‍ മജ്‌ലിസില്‍ നടന്ന നേതൃസംഗമത്തില്‍ എസ്. കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി അധ്യക്ഷനായി. എസ്. കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതവും വൈസ് പ്രസിഡന്റ് സത്താര്‍ ദാരിമി നന്ദിയും പറഞ്ഞു. സംഘാടനം സെഷനില്‍ ജില്ലാ ട്രഷറര്‍ മഹ്‌റുഫ് വാഫി, വര്‍ക്കിങ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് ഷാഹിദ് കോയ തങ്ങള്‍ സ്വാഗതവും സൈബര്‍ വിങ് ചെയര്‍മാന്‍ അമീന്‍ കൊരട്ടിക്കര നന്ദിയും പറഞ്ഞു. തൊഴിയൂര്‍ ഉസ്താദ് അനുസ്മരണ മൗലിദ് സദസിന് നൂര്‍ ഫൈസി ആനക്കര, ഇബ്രാഹിം ഫൈസി പഴുന്നാന, സുലൈമാന്‍ ദാരിമി, ഹക്കീം ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഇസ്മാഈല്‍ ദേശമംഗലം, നൗഫല്‍ ചേലക്കര, ശിയാസ് അലി വാഫി, റഫീഖ് മൗലവി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, കരീം മൗലവി പഴുന്നാന, ഖൈസ് വെന്മേനാട്, റഫീഖ് പാലപ്പിള്ളി, സൈഫുദ്ദീന്‍ പാലപ്പിള്ളി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."