മാധ്യമപ്രവര്‍ത്തകയുടെ കൊല: മാള്‍ട്ട പ്രധാനമന്ത്രി രാജിവയ്ക്കുന്നു
വല്ലേറ്റ(മാള്‍ട്ട): അഴിമതിവിരുദ്ധ മാധ്യമപ്രവര്‍ത്തക കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റ് രാജിവയ്ക്കുന്നു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം ജനുവരി 12ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2017ലാണ് ദാഫ്‌നെ കരുവാന ഗാലിസിയ എന്ന മൂന്നു കുട്ടികളുടെ അമ്മയായ മാധ്യമപ്രവര്‍ത്തക കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും ബ്ലോഗറും അഴിമതിവിരുദ്ധ പ്രവര്‍ത്തകയുമായ ഗാലിസിയ രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ സ്വജനപക്ഷപാതവും അഴിമതിയും തുറന്നുകാട്ടിയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ വ്യവസായി യോര്‍ഗന്‍ ഫെഞ്ചിനെയും മൂന്നുപേരെയും അറസ്റ്റ് ചെയ്തിരുന്നു. കൊലയാളിസംഘവുമായി ബന്ധമുള്ള ഇദ്ദേഹത്തിന് സ്‌ഫോടനം ആസൂത്രണം ചെയ്തതിലും പങ്കുണ്ടെന്നാണ് ആരോപണം. കൊലപാതകത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി തെളിഞ്ഞിരുന്നു. രണ്ടു മന്ത്രിമാരും പ്രധാനമന്ത്രിയുടെ സ്റ്റാഫ് മേധാവിയും നേരത്തെ രാജിവച്ചിരുന്നു.
പ്രതികളെ മസ്‌കാറ്റ് സംരക്ഷിക്കുന്നതായി കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ കുടുംബം ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ സ്റ്റാഫ് മേധാവിയായിരുന്ന കീത്ത് സ്‌കെംബ്രിക്ക് കൊലപാതകത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്‌കെംബ്രിയെ അറസ്റ്റ് ചെയ്ത പൊലിസ് അദ്ദേഹത്തെ ചോദ്യംചെയ്യലിനു ശേഷം വിട്ടയക്കുകയായിരുന്നു.
രണ്ടാഴ്ചയായി പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കനത്ത പ്രക്ഷോഭം നടന്നുവരുകയാണ്. 2013ലാണ് മസ്‌കാറ്റ് അധികാരത്തിലേറിയത്.
2017 ഒക്ടോബര്‍ 16ന് 53കാരിയായ ഗാലിസിയ വീട്ടില്‍ നിന്ന് കാറില്‍ യാത്ര ചെയ്യവെ വാഹനത്തിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌കെംബ്രി കുറ്റവാളിയാണെന്ന് ബ്ലോഗില്‍ എഴുതി അരമണിക്കൂറിനകമായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."