പ്രിയങ്കയുടെ വസതിയില്‍ സുരക്ഷാ വീഴ്ച; കാറിലെത്തിയ സംഘം ഫോട്ടോയ്ക്കാവശ്യപ്പെട്ടു
ന്യൂഡല്‍ഹി: എസ്.പി.ജി എടുത്തുമാറ്റിയതിനു പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ വസതിയില്‍ ഗുരുതര സുരക്ഷാ വീഴ്ച. അതീവസുരക്ഷയുള്ള ഡല്‍ഹിയിലെ ലോധി എസ്‌റ്റേറ്റിലെ പ്രിയങ്കയുടെ വീട്ടില്‍ കഴിഞ്ഞ നവംബര്‍ 25 നാണ് സംഭവം. ഒരു പെണ്‍കുട്ടിയടക്കം അഞ്ച് പേരടങ്ങുന്ന സംഘം പ്രിയങ്കയുടെ വസതിയിലേക്ക് കാറോടിച്ചെത്തി ഫോട്ടോയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
നെഹ്‌റു കുടുംബത്തിന്റെ എസ്.പി. ജി സുരക്ഷ പിന്‍വലിച്ച മോദിസര്‍ക്കാര്‍ അത് പ്രധാനമന്ത്രിക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എസ്.പി. ജി സുരക്ഷ പിന്‍വലിച്ച നെഹ്‌റു കുടുംബത്തിന് പകരം നൂറോളം സി. ആര്‍. പി. എഫ് ഉദ്യോഗസ്ഥരടങ്ങുന്ന ഇ സെഡ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.
വീഴ്ച ബോധ്യപ്പെട്ട സുരക്ഷാ ജീവനക്കാര്‍ ജാഗരൂകരാവുകയും പ്രിയങ്കയുടെ വീടിന് ചുറ്റും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ കാറിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ അന്വേഷിക്കുക പോലും ചെയ്യാതെ വാഹനത്തെ ഉള്ളിലോട്ട് കയറ്റി വിട്ടത് സുരക്ഷാ ജീവനക്കാരുടെ 'ഗുരുതര' വീഴ്ചയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അപ്രതീക്ഷിതമായി തന്നെ കാണാനെത്തിയവരോട് കുശലാന്വേഷണങ്ങള്‍ നടത്തിയും അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തുമാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സംഘത്തെ പ്രിയങ്ക യാത്രയാക്കിയത്. സുരക്ഷയിലുണ്ടായ വീഴ്ച പ്രിയങ്കയുടെ ഓഫിസ് സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."