മനുഷ്യാവകാശം, രാഷ്ട്രരാഹിത്യം, പൗരത്വനിഷേധം
രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകമാകെ വികസിച്ച മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. പിന്നീട് മനുഷ്യാവകാശങ്ങള്‍ അത് ഉയര്‍ത്തിപ്പിടിക്കാം എന്ന് വാഗ്ദാനം ചെയ്ത ദേശീയ പരമാധികാര ശക്തികളാല്‍ അടിച്ചമര്‍ത്തപ്പെടുകയും തഴയപ്പെടുകയുമാണുണ്ടായത്. ലോകമാകെ ഇന്നനുഭവിക്കുന്ന അഭയാര്‍ഥി പ്രശ്‌നങ്ങള്‍, ഇന്ത്യയിലടക്കം രൂക്ഷമാകുന്ന രാഷ്ട്രരാഹിത്യത്തിന്റെ പ്രശ്‌നങ്ങള്‍, ദേശീയ പരമാധികാരത്തിന്റെ ഹിംസാത്മകമായ വികാസം, ഒക്കെ ആഗോളതലത്തില്‍തന്നെ മനുഷ്യാവകാശത്തെ ഒരു രാഷ്ട്രീയ വിഷമസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്.
പൗരത്വവും മനുഷ്യാവകാശവും തമ്മിലുള്ള ഒരു പ്രശ്‌നത്തിന്റെ മണ്ഡലം ഇന്നത്തെ മനുഷ്യാവകാശത്തെ കുറിച്ചുള്ള സംവാദത്തില്‍ ഉണ്ട്. ദേശ രാഷ്ട്രങ്ങളുടെ അതിരുകള്‍ ഭേദിച്ച ആഗോളീകരണ കാലത്തിനു ശേഷം കുടിയേറ്റം വ്യാപിക്കുകയും ദേശീയ പരമാധികാരം പുതിയ മേഖലകള്‍ കണ്ടെത്തുകയും ചെയ്തതോടെ പൗരത്വ പ്രതിസന്ധികള്‍ പുതിയൊരു തലത്തിലെത്തിയിരിക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ വികസിച്ച ബ്രാഹ്മണിക് ഫാസിസത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രരാഹിത്യത്തിന്റെയും പൗരത്വനിഷേധത്തിന്റെയും രാഷ്ട്രീയം കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്.
മനുഷ്യാവകാശങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള അപചയം പലപ്പോഴും ഭരണകൂടത്തിന്റെ പരാജയം മാത്രമാണോ? അതോ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ജനസമൂഹങ്ങള്‍ അതില്‍നിന്ന് പിന്മാറുകയും വംശീയവും സാമൂഹികവും മതപരവുമായ മുന്‍വിധികളില്‍ അഭിരമിച്ചത് കൊണ്ടുമാത്രമാണോ? എന്തുകൊണ്ടാണ് മനുഷ്യാവകാശം എന്നുള്ളത് ഒരു പരാജയപ്പെട്ട രാഷ്ട്രീയ സങ്കല്‍പം ആയി മാറിയത്? ഇന്ത്യയിലെ പൗരത്വ പ്രശ്‌നം തന്നെയെടുക്കുക. പൗരത്വ പ്രശ്‌നത്തില്‍ മനുഷ്യാവകാശ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയിലേക്ക് കടന്നുവരുന്ന ഏതൊരു അഭയാര്‍ഥിയുടെയും മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇന്ത്യയിലെ പ്രമുഖ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അടക്കം പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? മനുഷ്യാവകാശ ചട്ടക്കൂടിലുള്ള നിയമ നിര്‍മാണത്തിലേക്ക് നീങ്ങാന്‍ ഇവിടത്തെ സാമൂഹിക പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണ് ? നിയമം, രാഷ്ട്രീയം, പൗരത്വം, മനുഷ്യന്‍ തുടങ്ങിയ സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട് ലോകത്ത് കഴിഞ്ഞ രണ്ടു മൂന്ന് ദശകവുമായി നടക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ വ്യവഹാരത്തിന്റെ പരാജയം തട്ടിച്ചു വായിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ തന്നെ ഇപ്പോള്‍ പൗരത്വത്തെപ്പറ്റിയുള്ള സവര്‍ണ സംഘ്പരിവാര്‍ കാഴ്ചപ്പാടുകള്‍ എടുക്കുക. ബംഗ്ലാദേശിലെയും പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ഇന്ത്യയില്‍ അവര്‍ക്ക് ദ്രുതഗതിയില്‍ പൗരത്വം നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ അതേ സംഘ്പരിവാര്‍ ഭരണകൂടം തന്നെ ഇന്ത്യയിലുള്ള മുസ്‌ലിംകള്‍ക്ക് യാതൊരു തരത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് വാദിക്കുകയും ചെയ്യുന്നു. ഓരോ ദേശരാഷ്ട്രവും അതു കൈകാര്യം ചെയ്യുന്ന ദേശീയശക്തികളും മനുഷ്യാവകാശത്തെ സെലക്റ്റീവായും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
പരമാധികാരവും മനുഷ്യാവകാശവും
മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമേഖല അത് ദേശീയ പരമാധികാരത്തിന്റെ തത്വങ്ങളുമായി ഒരു സവിശേഷ ബന്ധമാണ് രൂപീകരിച്ചിട്ടുള്ളതെന്നാണ്. അതായത് ഭരണകൂടാധികാരത്തിന് മനുഷ്യാവകാശത്തിന്റെ പരിധികളെ നിരന്തരം നിര്‍ണയിക്കാന്‍ സാധിക്കുന്നു. ദേശരാഷ്ട്ര വ്യവസ്ഥ പ്രധാനം ആകുന്ന ഇന്നത്തെ ലോകക്രമത്തില്‍ മനുഷ്യാവകാശം അനുഭവിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണിത്. ദേശീയ പരമാധികാരം സ്വന്തത്തോട് അല്ലാതെ മറ്റൊന്നിനോടും ഉത്തരവാദിത്തം ഇല്ലാത്ത ഒരു അധികാരമായി ആധുനിക ദേശരാഷ്ട്ര വ്യവസ്ഥയില്‍ പെരുമാറുന്നു. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശങ്ങള്‍ ആധുനിക ദേശരാഷ്ട്രത്തിന്റെ പരമാധികാര വാഴ്ചയോട് ഉത്തരവാദിത്വ പൂര്‍ണമായി പെരുമാറാനും നീതിയുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അതുവഴി മനുഷ്യനു തന്നെ കീഴാള ഉള്ളടക്കമുള്ള പുതിയൊരു അര്‍ഥവും ഉണ്മയും നല്‍കാനും ആവശ്യപ്പെടുന്നത്.
എന്നാല്‍ പല ദേശരാഷ്ട്രങ്ങളും മനുഷ്യാവകാശ വ്യവഹാരങ്ങളെ ഒരു രാഷ്ട്രീയ അവകാശം എന്ന രീതിയില്‍ പരിമിതമായി ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എന്നാല്‍ ദേശസുരക്ഷാ പ്രശ്‌നം വരുമ്പോള്‍ പലപ്പോഴും മനുഷ്യാവകാശത്തെ അകത്തും പുറത്തും തോന്നിയ പോലെ പ്രതിഷ്ഠിക്കുകയും മനുഷ്യാവകാശത്തിന്റെ മുന്‍ഗണനകളെ ദേശസുരക്ഷ എന്നുള്ള പേരില്‍ മാറ്റിവയ്ക്കപ്പെടുകയും ചെയ്യുന്നു. ഇത് ലോകംമുഴുവന്‍ അനുഭവിക്കുന്ന ഒരു കാര്യമാണ്. അങ്ങനെ മനുഷ്യാവകാശങ്ങള്‍ എന്നുള്ളത് പലപ്പോഴും ഭരണഘടന ക്രമങ്ങള്‍ നിലനില്‍ക്കുന്ന ദേശരാഷ്ട്രങ്ങളില്‍ തന്നെ സുരക്ഷാഭരണകൂടത്തിന് വഴിമാറുന്ന ഒരു ചരിത്ര രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്നു.
പൗരത്വനിഷേധവും
മനുഷ്യാവകാശങ്ങളും
രാഷ്ട്രീയ സിദ്ധാന്തത്തില്‍ ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് രാഷ്ട്രരാഹിത്യത്തിന് വിധേയരാക്കുന്ന കോടിക്കണക്കിന് കേറുന്ന അഭയാര്‍ഥികളുടെയും സ്വന്തം രാഷ്ട്രം തന്നെ പൗരത്വം നിഷേധിച്ചുകൊണ്ട് രാഷ്ട്രീയ രാഹിത്യത്തിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന ജനസമൂഹങ്ങളുടെ സാഹചര്യത്തിലുമാണ്. ഒരു ദേശരാഷ്ട്രം ഒരു ജനതയെ പൗരന്മാരായി തിരിച്ചറിയുന്നില്ലെങ്കില്‍ അവര്‍ക്ക് പിന്നീട് എങ്ങനെയാണ് അവകാശങ്ങള്‍ ലഭിക്കുക? അവര്‍ക്ക് പിന്നീട് എന്തു തരത്തിലുള്ള സാമൂഹിക, രാഷ്ട്രീയ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് വാദിക്കാന്‍ കഴിയുക? ഹന്നാ ആരന്റ് തന്നെയാണ് ഈ പ്രശ്‌നത്തെക്കുറിച്ച് ഒരു ജൂത ന്യൂനപക്ഷ സാമൂഹിക പശ്ചാത്തലത്തിലും നാസിസത്തിന്റെയും ഫാസിസത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലത്തിലും ചിന്തിച്ചത്.
ആരന്റ് പറയുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നം, മനുഷ്യാവകാശങ്ങള്‍ എന്നതു സാര്‍വലൗകികമായി തിരിച്ചറിയപ്പെട്ടാലും ഒരു ദേശീയ രാഷ്ട്രീയ ക്രമത്തില്‍ മാത്രമേ പ്രയോഗികവല്‍ക്കരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ്. പൗരത്വത്തിന്റെ ഭാഷയില്‍ നിലനില്‍കുന്ന രാഷ്ട്രീയ സമുദായത്തില്‍ നിങ്ങള്‍ അംഗമാകുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് അവകാശങ്ങള്‍ ഉണ്ടാവുന്നുള്ളൂ. ഒരു ദേശരാഷ്ട്ര ക്രമത്തില്‍ അംഗം ആകുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് പൗരത്വം ലഭിക്കുകയുള്ളൂ. ആ അര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍ ഒരു ദേശരാഷ്ട്ര ക്രമത്തില്‍ ഒരാള്‍ അംഗം അല്ലെങ്കില്‍ ആ വ്യക്തിക്ക് മനുഷ്യാവകാശങ്ങള്‍ ഇല്ല എന്ന് തന്നെ വരുന്നു. അതിനാല്‍ തന്നെ തിരിച്ചറിയപ്പെടുന്നതും അംഗീകരിക്കപ്പെട്ടതും സര്‍വാംഗീകൃതവുമായ രാഷ്ട്രീയ അതിര്‍ത്തികളില്‍ ഉള്‍പ്പെടാത്ത മനുഷ്യര്‍ക്ക് അവകാശങ്ങളില്ല. നിങ്ങള്‍ രാഷ്ട്രരഹിതനായി കഴിഞ്ഞാല്‍, അഭയാര്‍ഥിയായി കഴിഞ്ഞാല്‍, പൗരത്വം നിഷേധിക്കപ്പെട്ടാല്‍, മനുഷ്യാവകാശങ്ങള്‍ ഇല്ല എന്ന് വരുന്നു. ഈ അര്‍ഥത്തിലുള്ള ഒരു പ്രതിസന്ധി ആധുനിക മനുഷ്യാവകാശ വ്യവഹാരങ്ങളുടെ ഹൃദയത്തില്‍ ഉണ്ടെന്ന് മറക്കരുത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പൗരത്വത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ മറന്നു പോകുന്ന പ്രധാനപ്പെട്ട ഒരു സംഗതിയാണിത്. ദേശരാഷ്ട്രക്രമത്തിനകത്തെ പൗരത്വ സങ്കല്‍പങ്ങളെ വികസിപ്പിക്കുന്ന പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാട് പൗരത്വ പ്രക്ഷോഭങ്ങള്‍ മുന്നോട്ടുവെക്കേണ്ടതുണ്ട്.
പുതിയ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ മുന്നോട്ട് വെക്കേണ്ട കാര്യം പുതിയ തരത്തിലുള്ള ഒരു മനുഷ്യാവകാശ സങ്കല്‍പ്പവും ദക്ഷിണേന്ത്യയിലെ തന്നെ ഒരു ഏറ്റവും വലിയ പ്രാദേശിക ശക്തി എന്നുള്ള നിലക്ക് ഇന്ത്യ ഒക്കെ ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട ഒരു ഉയര്‍ന്ന മനുഷ്യാവകാശ നിലപാട് തന്നെയാണ്. അതിനാല്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ സാഹചര്യത്തില്‍ ഒരേ സമയം കുടിയേറ്റക്കാരുടെ അവകാശങ്ങളെയും ഇന്റിജിനസ് അവകാശങ്ങളെയും മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ള പുതിയൊരു പൗരത്വ ഭേദഗതി ബില്ലിനാണ് പ്രക്ഷോഭങ്ങള്‍ ഉണ്ടാവേണ്ടത്.
പുതിയൊരു അവകാശ
രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക്
ഹന്നാ ആരെന്റ് പറയുന്ന പ്രകാരം രണ്ട് തരത്തിലാണ് മനുഷ്യര്‍ ജീവിക്കുന്നത്. ഒരു പൊതു രാഷ്ട്രീയ സാമുദായിക ജീവിതവും മറ്റൊന്ന് അതിനു പുറത്തുള്ള അസ്തിത്വപരമായ ഒരു ജീവിതവും. രണ്ടാമത്തെ ഈ അസ്തിത്വപരമായ ജീവിതം പലപ്പോഴും സ്വകാര്യ ജീവിതത്തിലെയും അതിനകത്തുള്ള അധ്വാനങ്ങളുടെയും മേഖലയാണ്. എന്നാല്‍ ആധുനിക രാഷ്ട്രീയ ക്രമത്തില്‍ അതിനു രാഷ്ട്രീയപരമായ പരിരക്ഷ ഇല്ല. അതിനാല്‍ തന്നെ അവകാശങ്ങളുടെ തലത്തിലുള്ള പരിരക്ഷയില്ല.
അസ്തിത്വപരമായ ജിവിതം മനുഷ്യജന്മത്തിലൂടെ സ്വയം കിട്ടുന്ന മൃഗാവസ്ഥയാണ്. ഈ അവസ്ഥയില്‍ നിന്ന് മുന്നോട്ടു പോയി ഒരു രാഷ്ട്രീയ സമൂഹത്തില്‍ മനുഷ്യന്‍ അംഗം ആകുമ്പോള്‍ മാത്രമാണ് അവകാശങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ആധുനിക ദേശരാഷ്ട്രങ്ങള്‍ നല്‍കുന്ന പൗരത്വം ഈ അര്‍ഥത്തില്‍ രാഷ്ട്രീയ അവകാശങ്ങള്‍ ഉണ്ടാവാന്‍ അത്യാവശ്യമാണ്. അതല്ലാത്ത തരത്തിലുള്ള മനുഷ്യന്റെ മറ്റുള്ള സ്വകാര്യ അവസ്ഥകളെ , അധ്വാനങ്ങളെ ആധുനിക ദേശരാഷ്ട്രം പരിഗണിക്കുന്നില്ല. അതിന് രാഷ്ട്രീയ അവകാശത്തിന്റെ മേഖലയില്‍ സംരക്ഷണം ഇല്ല. ഇത് മനുഷ്യാവകാശത്തിന്റെ ഉണ്മാപരമായ പ്രതിസന്ധിയാണ്. ആധുനിക അവകാശ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുന്നതില്‍ മാത്രമേ ഒരാള്‍ക്ക് അവകാശങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്ന തീര്‍പ്പിനെ മറികടക്കുന്ന പുതിയൊരു രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ന്നുവരേണ്ടതുണ്ട്. മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ പുതിയ ഒരു ഘട്ടത്തെപ്പറ്റി അതിനാല്‍ ചിന്തിക്കേണ്ടതുണ്ട്. ഈ അര്‍ഥത്തിലുള്ള ഒരു പുതിയ രാഷ്ട്രീയ നീക്കം പൗരത്വനിഷേധത്തിനായുള്ള സമരങ്ങളില്‍ പ്രധാനമായും ഉയര്‍ന്നു വരേണ്ടതുണ്ട്.
രാഷ്ട്രരാഹിത്യത്തെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയുടെ തന്നെ ഒരു വിമര്‍ശനമായി എങ്ങനെ വികസിപ്പിക്കാം എന്ന ചിന്ത വളരെ പ്രധാനമാണ്. ജോര്‍ജിയോ അഗമ്പന്‍ പറയുന്നത് പോലെ, രാഷ്ട്രീയ അവകാശത്തിന് അര്‍ഹതയുള്ള ജീവിതമെന്നും രാഷ്ട്രീയ അവകാശങ്ങള്‍ക്ക് അര്‍ഹത ഇല്ലാത്ത ജീവിതം എന്നും വിഭജിക്കുന്നത് ഈ ജൈവ രാഷ്ട്രീയപരമായ പരമാധികാരത്തിന്റെ വാഴ്ചയാണ്. ഇത്തരത്തില്‍ വിഭജിക്കുമ്പോള്‍ സംഭവിക്കുന്നത് ഹന്ന ആരന്റില്‍ നിന്ന് വ്യത്യസ്തമായ ഒരു കാര്യമാണ്. അതായത് ഈ സവിശേഷ ദ്വന്ദത്തിലൂടെ ചിലര്‍ക്ക് രാഷ്ട്രീയ പദവി മാത്രമല്ല നഷ്ടപ്പെടുന്നത്, ജീവിതം തന്നെ ഒരു പ്രത്യേക രീതിയിലുള്ള ബഹിഷ്‌കരണത്തിലേക്കാണ് പ്രവേശിക്കുന്നത്. ഒരു രാഷ്ട്രീയ സമുദായത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ തന്നെ നിങ്ങള്‍ ഏതു സമയവും ആ രാഷ്ട്രീയ സമുദായം പുറത്താക്കാം എന്നുള്ള ഒരു ഭീഷണി കൂടി അതിനകത്തുണ്ട്. ഉള്‍ക്കൊള്ളലിലൂടെ തന്നെ നിങ്ങളെ പുറന്തള്ളുന്ന തരത്തിലുള്ള അധികാര പ്രശ്‌നം ഇതിനകത്തുണ്ട്.
ഭരണകൂട ക്രമത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുന്നതിലൂടെ ആ ഭരണകൂടത്തിനു തന്നെ നിങ്ങളെ നിരോധിക്കാനുള്ള അവകാശമാണ് നല്‍കുന്നത്. അതായത് നിയമത്തിന്റെ സുരക്ഷ, അത് നല്‍കുന്ന അധികാരത്തിനു തന്നെ ഏതു സമയവും അത് പിന്‍വലിക്കാന്‍ കഴിയുന്നു. നാം ഓരോ നിമിഷവും ജീവിക്കുന്നത് അമിതാധികാരമുള്ള ഒരു പരമാധികാര ശക്തിക്കു കീഴിലാണ് എന്നാണ്.
കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍ അടക്കമുള്ള ക്യാംപുകളുടെ ഭീഷണി ദേശ രാഷ്ട്രത്തിലെ നിയമപരമായ പൗരത്വം സ്വാഭാവികമായി ഉള്‍വഹിക്കുന്നുണ്ട്. അതിനാലാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ജൈവരാഷ്ട്രീയ സ്വഭാവത്തെ തിരിച്ചറിയുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത പുതിയ മനുഷ്യാവകാശ വ്യവഹാരങ്ങള്‍ മുന്നോട്ടുവയ്‌ക്കേണ്ടത്. അത് കേവലാര്‍ഥത്തില്‍ നഷ്ടപ്പെട്ട അവകാശങ്ങളെപ്പറ്റിയുള്ള വേവലാതിയല്ല. അതല്ലെങ്കില്‍ രാഷ്ട്രം അതിന്റെ ഭരണഘടനാപരവും മതേതരവുമായ വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞതിന്റെ കുഴപ്പവുമല്ല. പുതിയ രീതിയില്‍ ന്യൂനപക്ഷ രാഷ്ട്രീയ അവകാശങ്ങളെയും അഭയാര്‍ഥികളുടെ അവകാശത്തെയും ഇന്റിജിനസ് അവകാശങ്ങളെയും ഭരണഘടന ഉറപ്പുനല്‍കുന്ന പൊതുരാഷ്ട്രീയ അവകാശങ്ങളെയും പുനഃക്രമീകരിക്കാനുള്ള ഭാവിയിലൂന്നിയുള്ള സമരമാണ് ഇനി നടക്കേണ്ടത്. ഇന്നത്തെ ഇന്ത്യന്‍ നാസി ഭരണകൂടത്തെ താഴെയിറക്കാനുള്ള അന്തിമ പോരാട്ടത്തിലൂടെയാണ് അത് സാധ്യമാവുക. ഇന്ത്യയിലെ ഇന്നത്തെ മുസ്‌ലിം പൗരത്വ നിഷേധത്തെ കുറിച്ചും രാഷ്ട്രരാഹിത്യത്തെ കുറിച്ചും ചിന്തിക്കുകയും ഇടപെടുകയും ചെയ്യുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ കൂടി ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."