HOME
DETAILS
MAL
മതം ഇളകിയാല്‍ മദമിളകുമോ?
backup
December 20 2019 | 01:12 AM
കേരളത്തിലുടനീളം സ്വതന്ത്ര ചിന്തകര്‍ എന്ന പേരില്‍ ലിബറല്‍ യുക്തിവാദികള്‍ സംഗമങ്ങളും ചര്‍ച്ചകളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സ്വതന്ത്രചിന്തയുടെ ജനകീയവല്‍ക്കരണശ്രമം ഇതിനുമുമ്പ് അവര്‍ നടത്തിയിട്ടുണ്ടാവില്ല. ജാതീയതക്കും മതവര്‍ഗീയതയ്ക്കുമെതിരായ സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമെന്ന നിലയില്‍ രൂപപ്പെട്ട ഇടതുപക്ഷ സ്വഭാവമുണ്ടായിരുന്ന കേരളത്തിലെ യുക്തിവാദ സംഘങ്ങള്‍ ഇപ്പോള്‍ അടിമുടി യൂറോപ്യന്‍ വലതുപക്ഷ നവനാസ്തികത തന്നെയായി പരിണമിച്ചുകഴിഞ്ഞു. കൃത്യമായ വംശീയതീര്‍പ്പുകളും ഒട്ടും കൃത്യമല്ലാത്ത ആദര്‍ശ നിര്‍ണയങ്ങളുമാണ് പടിഞ്ഞാറന്‍ നിയോഎയ്തിസം. കപടമായ ശാസ്ത്രസ്‌നേഹത്താലൊട്ടിച്ചുവച്ച പ്രാപഞ്ചിക, സാമൂഹിക വീക്ഷണമാണവരുടേത്. മനുഷ്യനോ മണ്ണിനോ നിര്‍മാണാത്മകമായ യാതൊന്നും സംഭാവന ചെയ്യാതെ സാമൂഹിക പ്രതിബദ്ധതകളില്‍ നിന്നും ആത്മീകസാധ്യതകളില്‍ നിന്നും ബുദ്ധിയെ സ്വതന്ത്രമാക്കി മനോവിഭ്രമങ്ങളുടെ അടിമത്വം വരിക്കലിനാണ് ലിറ്റ്മസുകാരും എപിസ്റ്റക്കാരും സ്വതന്ത്രചിന്ത എന്ന് പറയുന്നത്. ഓരോ വ്യക്തിയും ചിന്താസ്വതന്ത്രനായതിനാല്‍ ചെറുതോ വലുതോ ആയ ഒരു കാര്യത്തിലും ഒരു തീര്‍പ്പുമില്ല. പരസ്പരവിരുദ്ധങ്ങളായ ഡോഗ്മകളില്‍ ചുറ്റിക്കറങ്ങി രൂക്ഷമായ ആഭ്യന്തരഭിന്നതകളില്‍ അകപ്പെട്ടിരിക്കുകയാണ് എവിടെയും എന്നപോലെ ഇവിടെയും അവര്‍.
കേരളീയ യുക്തിവാദത്തിന്റെ
ജനിതക പരിണാമം
രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണാശ്രമാവ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരളയുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍ പിള്ളയെയും ഇ.വി പെരിയോരെയുമെല്ലാം നിരീശ്വര വാദികളാക്കിയത്. കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം. ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്തുസൂക്ഷിച്ചിരുന്നു സഹോദരന്‍ അയ്യപ്പന്‍.
തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്ന നിലയിലായിരുന്നു. അവരാരും ഇസ്‌ലാമിക് ഫോബികോ സെമിറ്റിക്, സംവരണ വിരുദ്ധരോ ആയിരുന്നില്ല. അയ്യപ്പന്റെ മകളുടെ പേര് ആഇശ എന്നായിരുന്നു. ഇന്നത്തെ യുക്തിവാദികള്‍ക്ക് ഏറ്റവും വിരോധമുള്ള പേരുകളിലൊന്നാണ് ആഇശ.
'എനിക്ക് മതമില്ല, ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്‌ലാമാകുമെന്നായിരുന്നു' എന്നാണ് ഇ.വി പെരിയോര്‍ പറഞ്ഞത്. തങ്ങളുടെ അടിസ്ഥാന നിലപാടിന്റെ കാര്യത്തില്‍ കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല. ഇ.വി പെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി സവര്‍ക്കരെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി. രവിചന്ദ്രന്‍ വലതുപക്ഷ യൂറോപ്യന്‍ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്.
മനുവിന്റെ വര്‍ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയവല്‍ക്കരണമാണ് നിയോ എയ്തിസത്തിന്റെ രാഷ്ട്രീയ മാനം.'നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്‌ലര്‍ എത്രയോ പാവമാണ്' എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമതനാവുന്നതില്‍ അത്ഭുതമില്ല.
ചിലര്‍ വീക്ഷിക്കുന്നത്‌പോലെ ഭരണകൂടത്തോടുള്ള ദാസ്യമനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ ചേരിയിലേക്ക് ചായുന്നത്. അതിന് ആഗോളീയമായ പ്രത്യയശാസ്ത്ര പരമായ മാനമാണുള്ളത്. ശാസ്ത്രമാത്രവാദം എന്ന പഥാര്‍ത്ഥബന്ധിത പ്രാപഞ്ചിക വീക്ഷണം(സയന്റിസം) ആണ് അവരുടെ മതം. മനുഷ്യ ശരീരത്തിന്റെ ഉദാര സ്വാതന്ത്രവാദമായ മാനവികവാദ(ഹ്യൂമനിസം)ത്തെ തരാതരത്തില്‍ കൂടെ കൂട്ടി സയന്റിസത്തെ പ്രായോഗികവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി. അതനുസരിച്ച് ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദാരണത്തിന്റെ ഭാഗമാണ്. അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്ത്വത്തില്‍ നിലകൊള്ളുന്ന പരിണാമസിദ്ധന്തം തന്നെയാണ് അവരുടെ പക്കല്‍ സാമൂഹിക മാറ്റങ്ങളുടെയും അടിസ്ഥാനം. അതനുസരിച്ച് സവര്‍ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണര്‍.
'മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം' എന്ന് പറഞ്ഞ ഫെഡറിക് നീഷേയും 'സവര്‍ണമേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല' എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും' സെമിറ്റിക് മതവിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണമാവാത്ത പ്രീ ഹോമോ പിരീഡുകാരാണ് 'എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവെക്കുന്ന വംശീയ നിര്യാതനിരീശ്വരത്വത്തിന് വ്യക്തമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. 'മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല' എന്ന ബര്‍ണാഡ് റസ്സലിപോലുള്ളവരുടെ ആത്മനിരാസവാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വ വിരുദ്ധമാവുകയാണ് നവനാസ്തികത.
'മുസ്‌ലിംകള്‍ പൂര്‍ണ മനുഷ്യരല്ല' എന്ന് പച്ചക്ക് പറയുന്ന കൃതികളെഴുതി, യുക്തിവാദികളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന രീതി വലതുപക്ഷ യൂറോപ്പിലിപ്പോള്‍ പ്രചുരപ്രചാരം നേടിയ തന്ത്രമാണ്. 'സ്യുടോപോഡിയന്‍ പൊളിറ്റിക്‌സ് ' എന്നാണിതിനെ വിളിക്കപ്പെടുന്നത്. സൂക്ഷ്മജീവികള്‍ അവരുടെ ഇരകളെ ഒതുക്കുന്നതിനായി കപട പാദങ്ങള്‍ കൊണ്ട് വരിഞ്ഞുമുറുക്കി അകത്താക്കുന്ന 'ഫാഗോസൈറ്റോസിസ് ' രീതി പോലെയാണിതെന്നാണ് നിരീക്ഷിക്കപ്പെട്ടത്.
അതേസമയം, യുക്തിവാദികള്‍ മതവിശ്വാസികളിലേക്ക് പടരാന്‍ശ്രമിക്കുന്നത് 'ബാക്ടീരിയോഫോജുകള്‍' എന്നറിയപ്പെടുന്ന വൈറസുകള്‍ സ്വന്തം ഡി.എന്‍.എ കുത്തിയിറക്കി ബാക്ടീരിയകളെ നശിപ്പിക്കുന്നത് പോലെയാണെന്നും പഠനങ്ങള്‍ പറയുന്നു. രണ്ട് രീതികള്‍ക്ക് പിറകിലും രാഷ്ട്രീയ ആസൂത്രണങ്ങള്‍ ഉണ്ട്.
താന്‍പോരിമാ വിഭ്രാന്തി
ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം ജില്ലയിലെ ഒരു സ്‌കൂള്‍ ശാസ്ത്രശാല ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ഗാന്ധി പറഞ്ഞ ഒരു കാര്യമുണ്ട്. കേവല ശാസ്ത്രബോധത്തിന്റെ അടിസ്ഥാന ഭാവം പകയും വെറുപ്പുമാണ് എന്ന്. ആഗോളരാഷ്ട്രീയം നന്നായി വിശകലനം ചെയ്യാനറിയുന്ന, പ്രകൃതിവാദിയായ നെഹ്‌റുവിന്റെ പേരക്കുട്ടിയുടെ വാക്കുകള്‍ പ്രസക്തമാണ്. നോക്കൂ, കേരളത്തിലെ നാസ്തിക പ്രചാരകന്മാര്‍ താരതമ്യേന വിനയാന്വിതരും സാമൂഹിക പ്രതിബദ്ധരുമായിരുന്നു. പക്ഷെ, ഇപ്പോഴുള്ളവര്‍ താന്‍പോരിമാ വിഭ്രാന്തി ബാധിച്ച അഹംഭാവികളാണ്.'വിനയാന്വിതനായനാസ്തികന്‍' എന്ന സംജ്ഞ തീര്‍ത്തും അസാധ്യമായ സംയുക്തമായി വിരുദ്ധോക്തിയായി മാറിക്കഴിഞ്ഞുകൊണ്ടിരിക്കുകയാണ്.
തെറികളുടെയും കുത്തുവാക്കുകളുടെയും ഫാക്ടറികളായ അവര്‍ക്ക്, പ്രകോപനം സൃഷ്ടിച്ച് മതവിശ്വാസികള്‍ തീവ്രവാദികളാണെന്ന് വരുത്താന്‍ പ്രത്യേകം ചാവേറുകളുണ്ട്, ചാനലുകളിലും സെമിനാറുകളിലും വന്ന് മുസ്‌ലിം ആരാധനാ പ്രതീകങ്ങളെ നികൃഷ്ടമായി അവമതിക്കുമ്പോള്‍ നിര്‍വഹിക്കപ്പെടുന്ന ദൗത്യം അതാണ്. 'മതം' എന്ന വ്യവഹാരപദം ഇസ്‌ലാം മാത്രമാണെന്നും അതിനാല്‍ മതഭീകരത, മതമൗലികവാദം തുടങ്ങിയ പൊതു പ്രയോഗത്തിന്റ ഉന്നം മുസ്‌ലിംകള്‍ മാത്രമാണെന്നും ഉള്ള ഭാഷാവ്യതിയാനം ആഗോളീയമായി ഇവര്‍ വികസിപ്പിച്ചുകഴിഞ്ഞു.
പശ്ചിമേഷ്യന്‍ എഴുത്തുകാരായ ഫനാന്‍ ഹദ്ദാദ്, എഡ്വേര്‍ഡ് സൈദ് തുടങ്ങിയവര്‍ നാസ്തിക എഴുത്തുകാരനായ റോബിന്‍കറിന്റെ നിരീക്ഷണങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പറയുന്നകാര്യം, പൊതുയുക്തി വിപരീതം ഇസ്‌ലാമികയുക്തി, പൊതുനിയമം വിപരീതം ഇസ്‌ലാമിക നിയമം എന്ന ദ്വന്ദം ആഗോളതലത്തില്‍ പ്രചരിച്ചുകഴിഞ്ഞു എന്നാണ്. ഈ ആനുകൂല്യത്തില്‍ നവനാസ്തികള്‍ 'പൊതു ' വിനെതിരായതിനാണ് മതം എന്ന് പറയുന്നത് എന്നാക്കിത്തീര്‍ത്തു. ഇവിടെ,കേന്ദ്ര ആഭ്യന്തര മന്ത്രി മുതല്‍ കോഴിക്കോട് ജില്ലാ സി.പി.എം സെക്രട്ടറി വരെ 'മതതീവ്രവാദികള്‍ ' എന്നാല്‍ മുസ്‌ലിംകളാണെന്ന് പറയാതെ പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ. അതായത്, ഈ ഭാഷാപരമായ ആനുകൂല്യത്തിലാണ് നടേ പറഞ്ഞ നാസ്തിക ചാവേറുകള്‍ അവരുടെ ദൗത്യം നിയമപരമായ പൊല്ലാപ്പുകള്‍ക്കിടം കൊടുക്കാതെ നടത്തിവരുന്നത് എന്നര്‍ത്ഥം.
സര്‍വവിജ്ഞാന കോശങ്ങളാണെന്ന ഭാവേനെ രംഗത്തെത്തുന്ന ഇവരുടെ പ്രഭാഷകന്‍മാര്‍ക്ക് പ്രതിപക്ഷ ബഹുമാനം എന്താണെന്നറിയില്ല .ചുരുങ്ങിയത് സഹസ്രാബ്ദങ്ങളായി മനുഷ്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക സ്ഥാപനമാണ് മതം എന്ന അടിസ്ഥാന തത്ത്വം ഓര്‍ക്കാന്‍ പോലും തയ്യാറാവുന്നില്ല. 'ദൈവമില്ല' എന്ന വാദം ഉണ്ടാവണമെങ്കില്‍ 'ദൈവമുണ്ട് ' എന്ന വാദം മുന്‍കടക്കണം എന്നതാണ് പ്രാഥമിക യുക്തി. നിഷേധാത്മകത ( ഘശീേൗേ)െ ആണ് അവരുടെ അടിസ്ഥാനം എന്നതാവാം ഈ സ്വഭാവത്തിന്റെ കാരണം.
ലിബറല്‍ സ്ത്രീക്കെതിരേ അരവാക്ക് പറഞ്ഞാല്‍ കാടിളക്കി വരുന്നവര്‍ അല്ലാഹു കഞ്ചാവാണെന്നും പ്രവാചകന്‍ കോമഡിയാണെന്നും പറയുമ്പോള്‍ വൈകാരികമായി എത്രമാത്രം ദുര്‍ബലന്മാരാണ് എന്ന് മനസ്സിലാക്കിത്തരികയാണ്. അത്തരം ഉന്മാദങ്ങളെ പാഴ്‌മൊഴികളെ കോമഡികളായി കണ്ട് തള്ളിക്കളയാന്‍ മാത്രം മുസ്‌ലിം സമുദായത്തിന് ബൗദ്ധികപൂര്‍ണതയുള്ളതിനാല്‍ 'ഖല്ലിവല്ലി ' മുസ്‌ലിംകള്‍ അവഗണിക്കുകയാണ്. ഏറ്റവും കഠിനമായ വര്‍ഗീയത ഇവര്‍ക്കാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."