വിസ തട്ടിപ്പ്: കുവൈത്ത് രാഗേഷ് പിടിയില്‍
ഇരിങ്ങാലക്കുട: എന്‍ജിനീയറിങ് പോളിടെക്‌നിക് ബിരുദധാരികളടക്കം നിരവധി വിദ്യാര്‍ഥികളേയും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരേയും വിസ നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ വിരുതന്‍ പിടിയിലായി. കുവൈത്ത് രാഗേഷ് എന്നറിയപ്പെടുന്ന വെള്ളാങ്കല്ലൂര്‍ എരുമത്തടം സ്വദേശി തേലപ്പുറത്ത് രാഗേഷിനെയാണ് (35) ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറും എസ്.ഐ സി.വി ബിബിനും സംഘവും അറസ്റ്റു ചെയ്തത്.
ഒരു വര്‍ഷത്തിനിടയ്ക്ക് ഇരുപത്തഞ്ചോളം യുവാക്കള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അറിയുന്നത്. കടുപ്പശ്ശേരി സ്വദേശി വടക്കുംഞ്ചേരി വീട്ടില്‍ അരുണ്‍ കുര്യന്റെ പരാതിയിലാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.
തൃശൂര്‍, മരത്താക്കര ചേര്‍പ്പ്, കടുപ്പശ്ശേരി എന്നിവിടങ്ങളിലെ ചിലരെ തട്ടിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കുവൈത്തിലെ വിവിധ നിര്‍മാണ കമ്പനികളിലും എണ്ണക്കമ്പനികളിലും എന്‍ജിനീയര്‍ മുതല്‍ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വരെ ഇയാള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ വിവിധ കാര്‍ സര്‍വിസിങ് കമ്പനികളില്‍ ജോലി ചെയ്യുന്ന നിരവധി പേരും തട്ടിപ്പിനിരയായിട്ടുണ്ട്. ഫോണിലും വാട്‌സ് ആപ്പിലും ഇരകളെ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ വഴി പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. എല്ലാവരുടെയും മുന്നില്‍ നേരിട്ടു വരാത്ത പ്രതി ഒന്നോ രണ്ടോ പേരെ നേരിട്ടു കണ്ട് വിശ്വാസം പിടിച്ചുപറ്റി പിന്നീട് ഇമെയില്‍ വഴിയും വാട്‌സപ്പ് മുഖേനയുമാണ് ബന്ധപ്പെട്ടിരുന്നത്. അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെയാണ് ഓരോ വിസക്കുമായി പറഞ്ഞിരുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ നല്‍കാത്തതില്‍ സംശയം തോന്നിയാണ് പൊലിസില്‍ പരാതിപ്പെട്ടത്.
മുന്‍പ് വിദേശത്ത് ജോലി ചെയ്തിരുന്ന പരിചയം വച്ച് കുവൈത്തിലെ പല കമ്പനികളിലേക്കായിരുന്നു ജോലി വാഗ്ദാനം ചെയ്തിരുന്നത്.
പെരുമ്പാവൂര്‍ , ആലുവ ഭാഗങ്ങളില്‍ ലോഡ്ജുകളിലാണ് പ്രതി താമസിച്ചിരുന്നത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ ഉദ്യോഗാര്‍ഥിയായെത്തി കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനിലെത്തി പൊലിസ് തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു.
മോഹന വാഗ്ദാനങ്ങള്‍ നല്‍കി അപേക്ഷകരെ വലയിലാക്കുന്ന പ്രതി ഉദ്യോഗാര്‍ഥിയായി സമീപിച്ച പൊലിസ് ഉദ്യോഗസ്ഥന് പൈപ്പ് ടാഗുചെയ്യുന്ന ജോലിക്ക് 80000 രൂപ ശമ്പളവും ഫാമിലി വിസയുമാണ് ഓഫര്‍ ചെയ്തത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു.
സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒ എ.കെ മനോജ് , അനൂപ് ലാലന്‍, എം.എസ് വൈശാഖ് , സുബീഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയുടെ അറസ്റ്റിനെ തുടര്‍ന്ന് തട്ടിപ്പിനിരയായ നിരവധി പേര്‍ ഇരിങ്ങാലക്കുട പൊലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നുണ്ട്.
സമാനമായ രീതിയില്‍ തട്ടിപ്പിനിരയായവര്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഇരിങ്ങാലക്കുട പൊലിസിനെ സമീപിക്കേണ്ടതാണ് ഡി.വൈ എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."