HOME
DETAILS
MAL
സഊദിയിൽ കിംഗ് സൽമാൻ ഊർജ്ജ സിറ്റി വരുന്നു; ആദ്യ ഘട്ടം 2021ൽ പൂർത്തിയാകും
backup
December 13 2018 | 11:12 AM
ദമാം: സഊദിയിൽ പുതിയ ഊർജ്ജ സിറ്റി കൂടി ഉയരുന്നു. കിഴക്കൻ സഊദിയിലെ ദമാമിനു സമീപം 50 ചതുരശ്ര കിലോമീറ്റർ വിസ്തീർണതയിലാണ് സിറ്റി ഉയരുന്നത്. മൂന്നു ഘട്ടമായി നിർമ്മാണം പൂർത്തിയാകുന്ന 'സ്പാർക് സിറ്റി' പദ്ധതിയുടെ ആദ്യ ഘട്ടം 2021 ൽ പ്രവർത്തനക്ഷമമാകും. പദ്ധതിയുടെ ശിലാ സ്ഥാപനം സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർവ്വഹിച്ചു.
ഊർജ മേഖലക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ രംഗത്ത് പ്രവർത്തിക്കുന്ന സ്പാർക് സിറ്റിയുടെ ആദ്യ ഘട്ടം 600 കോടി റിയാൽ നിക്ഷേപത്തോടെയാണ് പൂർത്തിയാക്കുന്നത്. സഊദി ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകൊയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന സിറ്റി സഊദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റിയുമായി കൂടിചേർന്നാണ് പ്രവർത്തിക്കുക. സ്ഥലം വാടകക്ക് നൽകുന്നതിനും നിക്ഷേപ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും 120 കോടി റിയാലിന്റെ പന്ത്രണ്ടു കരാറുകളും ധാരണാപത്രങ്ങളും ഇതിനകം ഒപ്പ് വെച്ചിട്ടുണ്ട്. പദ്ധതിപ്രാവർത്തികമാകുന്നതോടെ ദേശീയ സമ്പത് വ്യവസ്ഥയിലേക്ക് പ്രതിവർഷം 2,250 കോടി റിയാൽ സംഭാവന ചെയ്യും.
2021 ഓടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്പാർക് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിലേക്ക് തന്നെ 120 ലേറെ കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിന് ചർച്ചകൾ നടത്തി വരികയാണ്. ഉൽപാദനം, സംസ്‌കരണം, പെട്രോകെമിക്കൽ, വൈദ്യുതി, ജലം എന്നീ മേഖലകൾക്ക് ആവശ്യമായ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതി ആഗോള, പ്രാദേശിക ഊർജ കേന്ദ്രം എന്നോണം സഊദി അറേബ്യയുടെ സ്ഥാനത്തിന് സ്പാർക് സിറ്റി പദ്ധതി കരുത്തു പകരുമെന്ന് ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."