താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്; സി.പി.എമ്മുമായി കൈകോര്‍ക്കാനാവില്ല
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ സംയുക്ത സമരവുമായി സഹകരിക്കാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിന് ആത്മാര്‍ഥത ഇല്ല. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. സി.പി.എമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍ വികാരമുണ്ടാക്കും. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. ഫാസിസ്റ്റ് നിലപാട് തിരുത്താതെ സി.പി.എമ്മുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. അരിയില്‍ ഷുക്കൂര്‍, മട്ടന്നൂരിലെ ഷുഹൈബ്, പെരിയയിലെ ശരത്‌ലാല്‍, കൃപേഷ്, ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്‍ തുടങ്ങി എതിര്‍ ശബ്ദമുയര്‍ത്തിയവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ചരിത്രമാണ് സി.പി.എമ്മിനുള്ളത്. ഈ സ്റ്റാലിനിസ്റ്റ് സമീപനം അംഗീകരിക്കാന്‍ കഴിയില്ല. മോദിയുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. മോദി ഫാസിസ്റ്റും പിണറായി സ്റ്റാലിനിസ്റ്റുമാണ്.
ജനസംഘത്തിന്റെ സഹായത്തോടെ ആദ്യ തവണ നിയമസഭയിലെത്തിയ പിണറായി മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. ഫാസിസ്റ്റ് പോരാട്ടത്തിന്റെ നായകരാണെന്ന് തങ്ങളെന്ന് സി.പി.എം പറഞ്ഞാല്‍ അച്യുതാനന്ദന്റെ ഭാഷ കടമെടുത്താല്‍ അന്നം തിന്നുവര്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്ന് മാത്രമാണു പറയാനുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ ഐക്യം തകര്‍ത്തത് പിണറായിയും കൂട്ടരുമാണ്. ഇടതുപക്ഷവുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അന്ന് ആദ്യം സ്വാഗതം ചെയ്തത് താനായിരുന്നു. അതിനു സി.പി.എമ്മുമായി പാലമിടുന്നവനെന്നടക്കം ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരേ ഉണ്ടായ ആക്രമണം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആര്‍.എസ്.എസുമായി ധാരണ ഉണ്ടാക്കിയെന്ന സി.പി.എം ആരോപണം ശുദ്ധ അസംബന്ധമാണ്. ജനസംഘത്തിന്റെ പിറവി മുതല്‍ സംഘ്പരിവാരത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. തനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ല. നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. ഗവര്‍ണര്‍ രാഷ്ട്രീയ അഭിപ്രായം പറയുന്നത് ശരിയല്ല. മോദിക്കു വേണ്ടി സംസാരിക്കുന്നതിന് വേണ്ടിയല്ല ഗവര്‍ണറെ നിയമിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."