നിലമ്പൂര്‍ തേക്കില്‍ 'ബുള്ളറ്റും'
ജാഫര്‍ കല്ലട
നിലമ്പൂര്‍: റോള്‍സ് റോയ്‌സ് കാറിന്റെ നിര്‍മിതിക്ക് മാത്രമല്ല, ഉഗ്രന്‍ 'ബുള്ളറ്റും' നിലമ്പൂര്‍ തേക്കില്‍ നിര്‍മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കരുളായി കളത്തിലെ കണ്ടാലപറ്റ ജിതിന്‍. നാലരവര്‍ഷത്തോളം സഊദിയിലെ ദമാമില്‍ ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ ജിതിന്‍ രണ്ടുവര്‍ഷം കൊണ്ടാണ് നിലമ്പൂര്‍ തേക്കില്‍ ബുള്ളറ്റിന്റെ മോഡല്‍ നിര്‍മിച്ചത്.
ബുള്ളറ്റ് ജിതിന്റെ സ്വപ്നമായിരുന്നു. 95,000 രൂപയ്ക്ക് ഒരു ബുള്ളറ്റ് സ്വന്തമായി വാങ്ങി. ഇതേ വലിപ്പത്തിലാണ് തേക്കിലുള്ള ബുള്ളറ്റിന്റെ മോഡല്‍ നിര്‍മിച്ചത്. ചക്രങ്ങള്‍ മലേഷ്യന്‍ ഇരൂള്‍കൊണ്ടാണ് നിര്‍മിച്ചത്. ബുള്ളറ്റ് കമ്പം മൂത്ത് നേരത്തെ ഒരു കൊച്ചു ബുള്ളറ്റിന്റെ മോഡല്‍ തേക്കില്‍ നിര്‍മിച്ചിരുന്നു. എടവണ്ണയിലെ സജന്റെ കീഴില്‍ ജോലിചെയ്താണ് കൊത്തുപണി പഠിച്ചത്. തന്റെ കൈയിലുള്ള യന്ത്രങ്ങള്‍ തികയാതെ വന്നതോടെ റൂട്ടറുകളും മറ്റും വാടകയ്‌ക്കെടുത്താണ് ബുള്ളറ്റിന്റെ പല ഭാഗങ്ങളും ഡിസൈന്‍ ചെയ്തത്. വീട്ടിലെ തന്നെ നിലമ്പൂര്‍ തേക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറിജിനല്‍ ബുള്ളറ്റിനൊപ്പം തേക്ക് ബുള്ളറ്റും കൂടി വച്ചതോടെ ഇവ കാണാനും കൗതുകമറിയാനും നിരവധി പേരാണ് ജിതിന്റെ വീട്ടിലെത്തുന്നത്. ഇലക്ട്രീഷ്യനായ ജിതിന്‍ കണ്ടാലപറ്റ രാധാകൃഷ്ണന്റെയും ഉഷാകുമാരിയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."