മഴ കനത്തു; ജില്ലയില്‍ മണ്ണിടിച്ചിലും കൃഷിനാശവും വ്യാപകം
തൊടുപുഴ: ജില്ലയില്‍ മഴ കനത്തതോടെ പ്രകൃതി ദുരന്തങ്ങള്‍ വ്യാപകമായി. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കൃഷിനാശവുമുണ്ടായി. തൊടുപുഴ, മൂന്നാര്‍, കുമളി, നെടുങ്കണ്ടം, ചെറുതോണി, ഇടുക്കി, മൂലമറ്റം എന്നിവടങ്ങളില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. കനത്ത മഴയില്‍ ജില്ല ഉരുള്‍പൊട്ടല്‍ ഭീഷണിയിലായി. മൂന്നാറില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണ് വീട് തകര്‍ന്നു. മൂന്നാര്‍ ലക്ഷംവീട് കോളനിയില്‍ ഹക്കിം സാഹിബിന്റെ വീടാണ് തകര്‍ന്ന്
വീണത്. നാല് എഞ്ചിനിയറിങ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ വീടിനുള്ളില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിമുതല്‍ ശക്തമായി പെയ്യുന്ന മഴയിലാണ് വീടിന്റെ പിന്‍വശത്തുള്ള കല്‍ക്കെട്ട് തകര്‍ന്ന് വീടിന് മുകളിലേയ്ക്ക് വീണത്.
ഹക്കിം സാഹിബിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ കന്നിയമ്മാളും കുടുംബവും, കൂടാതെ നാല് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുമാണ് വാടകയ്ക്ക് താമസിക്കുന്നത്. വലിയ ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേയ്ക്ക് ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തൊടുപുഴയ്ക്കടുത്ത് കുണിഞ്ഞിയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
ശക്തമായ കാറ്റിലും മഴയിലും കഞ്ഞിക്കുഴിയില്‍ വീട് തകര്‍ന്നു. കഞ്ഞിക്കുഴി തച്ചോട്ട്പാറയില്‍ മോഹനന്റെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മോഹനന് അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി നിലം പതിയ്ക്കുകയായിരുന്നു. പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും പൂര്‍ണമായി തകര്‍ന്നു. വീട് നഷ്ടമായതോടെ ഇനി എവിടെ താമസിക്കുമെന്ന ആശങ്കയിലാണ് ഈ നിര്‍ദ്ധന കുടുംബം. കുമളിയില്‍ വലിയ പാറക്കഷ്ണങ്ങള്‍ അടര്‍ന്ന് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. തൊടുപുഴ - ഇടുക്കി റോഡില്‍ വന മേഖലയില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ രാത്രി യാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്കി. മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.659 അടി വര്‍ധിച്ച് 2322.51 അടിയിലെത്തി. തൊടുപുഴയാര്‍ കരകവിഞ്ഞൊഴുകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."