മരട്: വിദഗ്ധര്‍ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ചു; മണ്ണിന്റെ ബലം പരിശോധിക്കും
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന് സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ജനുവരി 11, 12 തിയതികളില്‍ പൊളിച്ചുമാറ്റുന്ന മരടിലെ ഫ്ളാറ്റുകള്‍ വിദഗ്ധര്‍ പരിശോധിച്ചു. നിയന്ത്രിത സ്ഫോടനത്തിനു മുമ്പ് മണ്ണിന്റെ ബലം പരിശോധിക്കുമെന്ന് എക്സ്പ്ലോസീവ് കണ്ട്രോളര് ആര്. വേണുഗോപാല്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നതിന്റെ അളവില്‍ മാറ്റംവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റുകള്‍ക്ക് സമീപത്തും കര്‍ശന സുരക്ഷയൊരുക്കും.
ആദ്യം പൊളിക്കുന്ന ഹോളിഫെയ്ത്ത് എച്ച്.ടു.ഒയ്ക്ക് സമീപത്തുകൂടി ഐ.ഒ.സി പൈപ്പ് ലൈന്‍ പോകുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തും. പൈപ്പ്ലൈനിലൂടെ ഇന്ധനം പമ്പ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കും. ഈ ഭാഗത്തെ പൈപ്പിനുള്ളില്‍ വെള്ളം നിറയ്ക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നോട്ടിസ് നല്‍കിയതായും എക്സ്പ്ലോസീവ് കണ്ട്രോളര് പറഞ്ഞു.
ഇന്നലെ രാവിലെ ഗോള്‍ഡന്‍ കായലോരവും ജെയ്ന്‍ കോറല്‍കോവ് ഫ്ളാറ്റ് സമുച്ചയങ്ങളും സന്ദര്‍ശിച്ച വിദഗ്ധ സംഘം ഉച്ചയ്ക്കു ശേഷം ആല്‍ഫ സെറീനും ഹോളിഫെയ്ത്ത് എച്ച്.ടു.ഒയും സന്ദര്‍ശിച്ചു.
ഫ്ളാറ്റുകളുടെ തൂണുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നതിനുള്ള ദ്വാരങ്ങള്‍ ഇടുന്ന പ്രവര്‍ത്തി അന്തിമഘട്ടത്തിലാണ്. ജനുവരി 11ന് രാവിലെ 11 മണിക്ക് ഹോളിഫെയ്ത്ത് എച്ച്.ടു.ഒയും 11.30ന് ആല്‍ഫ സെറീന് ഇരട്ട സമുച്ചയവും പൊളിക്കും 12ന് രാവിലെ പതിനൊന്നിന് ഗോള്‍ഡന്‍ കായലോരവും ഉച്ചയ്ക്ക് രണ്ടിന് ജെയ്ന്‍ കോറല്‍കോവും പൊളിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ നിലംപതിപ്പിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."