കുതിപ്പിനൊരുങ്ങി വീണ്ടും ഉള്ളിവില
കൊച്ചി: സംസ്ഥാനത്തെ വിപണികളില്‍ ഉള്ളിവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കുതിപ്പിനു മുന്‍പുള്ള ഇറക്കമാണിതെന്ന് വ്യാപാര കേന്ദ്രങ്ങളുടെ സൂചന. അഫ്ഗാനിസ്താന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നാണ് സാധാരണയായി രാജ്യം ഉള്ളി ഇറക്കുമതി ചെയ്യാറ്. അഫ്ഗാനിസ്താനില്‍ ഇത്തവണ കൃഷിനാശമുണ്ടായതോടെ തുര്‍ക്കിയും ഈജിപ്തും മാത്രമായി ആശ്രയം. ഇന്ത്യക്ക് വെല്ലുവിളിയുമായി ചൈനയും ഉള്ളി ശേഖരിക്കാന്‍ തുര്‍ക്കിയേയും ഈജിപ്തിനെയും സമീപിക്കുകയും ചെയ്തു. ഇത് രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയതോടെ ഉള്ളി കയറ്റുമതി ചെയ്യുന്നത് തുര്‍ക്കി നിരോധിച്ചതോടെ ഈജിപ്ത് മാത്രമായി ഇന്ത്യക്കും ചൈനയ്ക്കും ആശ്രയം. ഇത് ഉള്ളിവില 15 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
അതിനിടെ, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉള്ളിയുടെ ഒരു വിഹിതം കഴിഞ്ഞ ദിവസം രാജ്യത്ത് എത്തി. 790 ടണ്‍ ആണ് എത്തിയത്. സംസ്ഥാനം ഇതിന്റെ വിഹിതം ചോദിച്ചിരുന്നെങ്കിലും കേരളത്തിനു പുറത്ത് ആവശ്യകത കൂടുതലുള്ളതുകൊണ്ട് അത് അംഗീകരിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഹോര്‍ട്ടി കോര്‍പ് നേരിട്ട് മഹാരാഷ്ട്ര വിപണിയില്‍നിന്ന് ഉള്ളി സംഭരിച്ച് എത്തിച്ചിരുന്നു. അത് ഉള്ളിവിലയില്‍ നേരിയ കുറവ് തോന്നിപ്പിച്ചെങ്കിലും വിലയെ പിടിച്ചുനിര്‍ത്താനായിട്ടില്ല. മാത്രമല്ല, നിലവില്‍ ലഭിക്കുന്ന ഉള്ളി ഗുണമുള്ളതല്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ഇറക്കുമതി ചെയ്ത ഉള്ളിയില്‍ ഭൂരിഭാഗവും ആന്ധ്ര, ഡല്‍ഹി സംസ്ഥാനങ്ങളിലേക്കാണ് പോയിരിക്കുന്നത്. അടുത്തയാഴ്ചയോടെ 12000 ടണ്‍ ഉള്ളി കൂടി എത്തിച്ചേരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആകെ 49,500 ടണ്‍ ഉള്ളിയാണ് കേന്ദ്രം ഇറക്കുമതി ചെയ്യുക.
മഴക്കെടുതി മൂലമാണ് ഇന്ത്യയില്‍ ഉള്ളി വിളവെടുപ്പ് കുറഞ്ഞത്. 25 ശതമാനത്തോളം ഉത്പാദനക്കുറവാണുണ്ടായത്. ഇത് വിലപ്പെരുക്കത്തിന് കാരണമായി. ഇനി, പുതുവര്‍ഷത്തിലെ ആദ്യമാസത്തിന്റെ അവസാനത്തോടെ മാത്രമെ ഉള്ളിവിലയില്‍ എന്തെങ്കിലും കുറവ് പ്രതീക്ഷിക്കാനാവൂ എന്നാണ് വിളവെടുപ്പ ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് വില്‍പനക്കാര്‍ പറയുന്നത്. അടുത്ത മാസം അവസാനത്തോടെ ഇന്ത്യയില്‍ അടുത്ത ഘട്ടം ഉള്ളി വിളവെടുപ്പിന് കാലമാകുമെന്നതാണ് കാരണം. ഉള്ളിവില പഴയതുപോലെ 20കളിലെത്തണമെങ്കില്‍ അടുത്ത മാര്‍ച്ചുവരെ കാത്തിരിക്കേണ്ടിവരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളി വിളവെടുക്കുന്ന സമയമാണത്. അതുപോലെ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നു വിഭിന്നമായി ഉള്ളിക്ക് വില ഉയരുന്നത് കണക്കിലെടുത്ത് കൂടുതല്‍ കര്‍ഷകര്‍ ഉള്ളിക്കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചിട്ടുമുണ്ട്.
ഉള്ളിവില വര്‍ധന നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നെങ്കിലും അതൊന്നും വില പിടിച്ചു നിര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. ഉള്ളി കയറ്റുമതി നിരോധിക്കുകയും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ശേഖരിച്ചുവയ്ക്കാവുന്ന ഉള്ളിയുടെ അളവ് പരിമിതപ്പെടുത്തുകയും കരുതല്‍ ശേഖരത്തില്‍ നിന്ന് കുറഞ്ഞ വിലയില്‍ ഉള്ളി വിപണിയിലെത്തിക്കുകയും മറ്റും ചെയ്തിട്ടും ഉള്ളിവിലക്കയറ്റം തടയാന്‍ കഴിഞ്ഞിരുന്നില്ല.ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 7070 ടണ്‍ ഉള്ളിയാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഇതിന്റെ പകുതിയും തുര്‍ക്കിയില്‍ നിന്നായിരുന്നു. മുന്‍പും രാജ്യത്ത് സമാന സ്ഥിതിവിശേഷം സംജാതമായിരുന്നു. 2015ലായിരുന്നു അത്. അന്ന് 1987 ടണ്‍ ഉള്ളിയാണ് രാജ്യം ഇറക്കുമതി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."