വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ; മൂവര്‍സംഘം പൊലിസ് പിടിയില്‍
തിരുവനന്തപുരം: വ്യാജ വിദേശ സ്റ്റാമ്പുകള്‍ അടക്കം വിവിധ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുകയും പട്ടാളത്തില്‍ ജോലി വാഗ്ദാനം നല്‍കി പണം വാങ്ങി നിരവധി യുവാക്കളെ കബളിക്കുകയും ചെയ്ത് വന്‍ തട്ടിപ്പുകള്‍ നടത്തിയ മൂവര്‍ സംഘത്തെ സിറ്റി ഷാഡോ പൊലിസ് പിടികൂടി. കൊല്ലം ഇളമ്പല്‍വയ കോട്ടവട്ടം സ്വദേശിയും ഇപ്പോള്‍ പി.റ്റി.പി നഗര്‍, നമ്പര്‍ 26, വൈറ്റ്ഗാര്‍ഡനില്‍ താമസിക്കുന്ന വിനോദ് എന്നു വിളിക്കുന്ന സനീഷ് (38), മലയം, വിഴവൂര്‍ സ്വദേശിയും ഇപ്പോള്‍ നീറമണ്‍കര ശങ്കര്‍ നഗര്‍ ഷാരോണില്‍ താമസിക്കും കമലു എന്നു വിളിക്കുന്ന കമലേഷ് കൃഷ്ണ (32), കടകംപള്ളി, ആനയറ വാര്‍ഡില്‍ ഒരു വാതില്‍ കോട്ട അഭിലാഷ് ഹൗസില്‍ താമസം ഹരി (36) എന്നിവരെയാണ് പൂജപ്പുര പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പട്ടാളത്തില്‍ ജോലി വാഗ്ദാനം നല്‍കി കൊല്ലം സ്വദേശികളായ മുപ്പതോളം യുവാക്കളില്‍ നിന്ന് വന്‍ തുകകള്‍ വാങ്ങി കബളിപ്പിച്ച പരാതി സിറ്റി പൊലിസ് കമ്മിഷണറിന് ലഭിച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം എ.സി വി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഈ വന്‍ തട്ടിപ്പു സംഘം കുടുങ്ങിയത്. ഇവരില്‍ സനീഷ് ആര്‍മി റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പട്ടാള ഉദ്യോഗസ്ഥാനാണെന്ന വേഷവിധാനത്തില്‍ എത്തിയ ശേഷം ഗ്രൗണ്ട് ടെസ്റ്റില്‍ പാസായ യുവാക്കളുടെ അടുത്തെത്തി കുശാലാന്വേഷണം നടത്തിയ ശേഷം അയാള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൊബൈല്‍ നമ്പരുകള്‍ കൈമാറി വിളിക്കാന്‍ ആവശ്യപ്പെടും. സംശയം തോന്നി തിരികെ വിളിക്കാത്തവരെ അയാള്‍ അങ്ങോട്ട് വിളിച്ചു വലയിലാക്കുകയും ചെയ്യും. ഉദ്യോഗാര്‍ത്ഥികളെ വിശ്വാസത്തിലെടുപ്പിച്ച ശേഷം മൊത്തം തുകയിലെ ആദ്യ ഗഡുവായി കുറച്ച് പണവും സര്‍ട്ടിഫിക്കറ്റുകളും ഇയാള്‍ പറയുന്ന സ്ഥലത്ത് കൊണ്ട് വരാന്‍ നിര്‍ദേശിക്കും.
സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയ ശേഷം അടുത്ത ദിവസം മെഡിക്കല്‍ ടെസ്റ്റിന് ബോര്‍ഡിലെ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാനെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടും ഇയാളുടെ തട്ടിപ്പ് മനസിലാകാതെ വീണ്ടും പണം കൊടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഇയാള്‍ വിശ്വാസിലെടുത്തിരുന്നത് അവരുടെ പേരില്‍ ജോലി ശരിയായ വ്യാജ രേഖകള്‍ പലപ്പോഴായി കാണിച്ചായിരുന്നു. പണമില്ലാത്തവരുടെ കൈവശം നിന്നും ഇവരുടെ വീട്ടുകാരുടെ സ്വര്‍ണ ഉരുപ്പടികള്‍ വരെ ഇയാള്‍ വാങ്ങിച്ചിട്ടുണ്ട്. ഇയാളെ ഷാഡോ പോലിസ് പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നതില്‍ അതിവിദഗ്ദരായ ഇയാളുടെ കൂട്ടുപ്രതി കമലുവുവിനെയും ഹരിയെയും പൊലിസ് കുടുക്കിയത്.
വിദേശ രാജ്യങ്ങളിലെ ജോലികള്‍ക്കായി അവിടുത്തെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കി അതില്‍ ഉപയോഗിക്കുന്നതിനാണ് ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സ്റ്റാമ്പുകള്‍ ഇവര്‍ വ്യാജമായി നിര്‍മിച്ചിരുന്നത്. ഏതാവശ്യത്തിനും എവിടുത്തെയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ദരായ കമലേഷും ഹരിയും വ്യാജമായി നിര്‍മിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പതിക്കുന്നതിനായി ഹോളോഗ്രാം മുദ്രകളും വ്യാജ സീലുകളും സ്വന്തമായി നിര്‍മിച്ചിരുന്നു.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, കേരള, മഹാത്മാഗാന്ധി,അണ്ണാമല യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, പോളിടെക്‌നിക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ പ്രധാനമായും ആവശ്യക്കാര്‍ക്ക് നിര്‍മിച്ചു നല്‍കിയിരുന്നത്. ഇയാളില്‍ നിന്ന് കംപൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, പെന്‍ഡ്രൈവുകള്‍, പ്രിന്ററുകള്‍, റബ്ബര്‍ സ്റ്റാമ്പ് മെഷീന്‍, ലാമിനേഷന്‍ മെഷീന്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ്, കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം എന്നീ സ്റ്റേഷനുകളിലായി ഇരുപതോളം ഇത്തരത്തിലുള്ള കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. സനീഷും കമലേഷും വിദേശ ജോലിയക്കായി നിരവധി പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയതായി സമ്മതിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും ഇവര്‍ ചേര്‍ന്ന് നടത്തിയ മറ്റു തട്ടിപ്പുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. ഡി.സി.പി അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നേതൃത്വത്തില്‍, കണ്‍ട്രോള്‍ റൂം എ.സി. സുരേഷ് കുമാര്‍.വി, പൂജപ്പുര എസ്.ഐമാരായ രാകേഷ്, മോഹനന്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."