ആശ്രിത ലെവി; സഊദി സമാഹരിച്ചത് റെക്കോര്‍ഡ് തുക
#നിസാര്‍ കലയത്ത്
ജിദ്ദ: വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ലെവി ഏര്‍പ്പെടുത്തിയതിനു ശേഷം ഈ ഇനത്തില്‍ മാത്രം സഊദിയുടെ വരുമാനം 2800 കോടി റിയാലെന്ന് ( ഏകദേശം 52000 കോടി ഇന്ത്യന്‍ രൂപ) റിപ്പോര്‍ട്ട്. സഊദി ഭരണകൂടം 2018 ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതലാണിത്.
ലെവിയില്‍ നിന്ന് 2800 കോടി റിയാലാണെങ്കില്‍ വാറ്റില്‍ നിന്ന് മാത്രം ഈ വര്‍ഷാവസാനത്തോടെ സഊദിയുടെ വരുമാനം 4500 കോടി റിയാലിലധികമായിരിക്കും. നിലവിലെ ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 105 ശതമാനം കൂടുതലാണീ വരുമാനം. വാറ്റ് നടപ്പാക്കുന്നതില്‍ സ്ഥാപനങ്ങള്‍ കാണിച്ച താത്പര്യമാണു ഇത്രയും വലിയ സംഖ്യ വരുമാനമായി ലഭിക്കാന്‍ കാരണം.
ഹാനികരമായ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ സെലക്ടീവ് ടാക്‌സ് വഴി മാത്രം 2018ല്‍ സഊദിയുടെ വരുമാനം 1200 കോടി റിയാലായി മാറും. അധികൃതര്‍ കരുതിയതിനേക്കാള്‍ 44 ശതമാനത്തിലധികം വരുമാനമാണു സെലക്ടീവ് ടാക്‌സ് വഴി ലഭിച്ചത്. ലെവി പിന്‍ വലിക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച നയം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഭേദഗതി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ആഗോള തലത്തില്‍ എണ്ണക്കുണ്ടായ വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ വരുമാന വര്‍ധനവ് കാരണം വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി കുറക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് ധനമന്ത്രിയുടെ സ്ഥിരീകരണം.
അടുത്ത വര്‍ഷം മാസം 600 റിയാലും വര്‍ഷത്തില്‍ 7200 റിയാലുമായി വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഉയരും. 2020 ഓടെ ഇത് മാസത്തില്‍ 800 റിയാലായും വര്‍ഷത്തില്‍ 9600 റിയാലായും ഉയരും.
അതേ സമയം ലെവി വിഷയത്തില്‍ ഉയര്‍ന്ന വിവിധ റിപ്പോര്‍ട്ടുകള്‍ക്ക് ധനകാര്യ മന്ത്രിയുടെ പ്രസ്താവനയോടെ അവസാനമായിരിക്കുകയാണെങ്കിലും ഏത് സമയവും ലെവി പുന:പരിശോധനക്ക് വിധേയമാക്കാവുന്ന സംഗതിയാണെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍ തുവൈരിജി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ഫീസ് അനിവാര്യമാണെങ്കിലും അത് പുന:പരിശോധിക്കുക എന്നത് തുറന്ന അധ്യായമാണെന്നും വാണിജ്യ മേഖലക്ക് അനിവാര്യമാകുമ്പോാള്‍ അത് പരിഗണിച്ചേക്കാമെന്നുമാണു തുവൈരിജി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."