നാളികേര കൃഷി ഒന്‍പതര ലക്ഷം ഹെക്ടറുകളിലേക്ക് വ്യാപിപ്പിക്കും: മന്ത്രി
വയലാര്‍: നാളികേരകൃഷി ഒന്‍പതര ലക്ഷം ഹെക്ടറുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. വയലാര്‍ മധ്യം ശ്രീനാരായണ പ്രാര്‍ഥനാലയത്തില്‍ കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയും വിള ആരോഗ്യ ക്ലിനിക്കും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനായി. 250 ഹെക്ടര്‍ കൃഷി ഭൂമിയില്‍ പദ്ധതി നടപ്പാക്കാന്‍ കൃഷിവകുപ്പ് മുഖേന 50.17 ലക്ഷം രൂപ വയലാര്‍ ഗ്രാമപഞ്ചായത്തിന് നല്‍കി. വാര്‍ഡതലത്തില്‍ 15 ലക്ഷം ഹൈബ്രിഡ് തൈകള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുവാന്‍ സി.പി. സി.ആര്‍.ഐ പോലുള്ള വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തി. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ യൂനിറ്റ് തുടങ്ങാന്‍ 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൃഷി ശാസ്ത്രീയമായി മെച്ചപ്പെടുത്താന്‍ ആരംഭിച്ച അഗ്രോ ക്ലിനിക് പ്രയോജനപ്പെടുത്തണമെന്നും ഭക്ഷ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നടപ്പിലാക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പമ്പ്‌സെറ്റ് വിതരണം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍ തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സി.ടി. വിനോദ് തെങ്ങുകൃഷി പരിപാലന ആനുകൂല്യ വിതരണം നടത്തി. തുടര്‍ന്ന് വയലാറില്‍ കാര്‍ഷിക രംഗത്ത് മികവുകാണിച്ച കര്‍ഷകരെയും കാര്‍ഷിക ഗ്രൂപ്പുകളെയും ആദരിച്ചു. എസ്.വി ബാബു, വയലാര്‍ കേരസമിതി കണ്‍വീനര്‍ പ്രസാദ് കണ്ണിക്കാട്, ചെയര്‍പേഴ്‌സണ്‍ ഓമന ബാനര്‍ജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ചിത്ര, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബീന നടേശ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."