വീട്ടില്‍ വെള്ളം ചോദിച്ചെത്തി 43 പവന്‍ കവര്‍ന്നു; നാടോടി സ്ത്രീകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
തിരുവനന്തപുരം : വീട്ടില്‍ വെള്ളം ചോദിച്ചെത്തി ഗൃഹനാഥനെ കബളിപ്പിച്ച് 43 പവന്‍ സ്വര്‍ണം കവര്‍ന്ന നാടോടി സ്ത്രീകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍.
തമിഴ്‌നാട് സ്വദേശികളെന്ന് പറയുന്ന ബാലാമണി( 28), രാധ(23), ജ്യോതി(35), കൃഷ്ണമ്മ( 30), മസ്‌നി (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം നാല് കൈക്കുഞ്ഞുങ്ങളും ഉണ്ട്. ഒരാള്‍ ഗര്‍ഭിണിയാണ്.
ഇവരെക്കുറിച്ച് അന്വേഷണം നടത്തിയാലേ കൂടുതല്‍ വിവരം ലഭിക്കൂ എന്ന് ആറ്റിങ്ങല്‍ പൊലിസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ആറ്റിങ്ങല്‍ ബോയ്‌സ് എച്ച്.എസ്.എസ്സിന് സമീപം രാധാകൃഷ്ണന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. നടന്നു തളര്‍ന്ന് അവശയായ നിലയില്‍ വീട്ടിലെത്തിയ നാലംഗ സംഘം കുടിവെള്ളം ആവശ്യപ്പെട്ടു. രാധാകൃഷ്ണന്‍ നായര്‍ മാത്രമേ വീട്ടില്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. വീട്ടുടമ വെള്ളം എടുക്കാനായി അടുക്കളയിലേക്കു പോയ തക്കത്തിന് വീട്ടിനുള്ളില്‍ കടന്ന സ്ത്രീകള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
അല്‍പസമയത്തിന് ശേഷമാണ് മോഷണ വിവരം വീട്ടുടമ അറിയുന്നത്. ഉടന്‍തന്നെ പൊലിസില്‍ അറിയിച്ചു. ആറ്റിങ്ങല്‍ എസ്.ഐ തന്‍സീം അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ പൊലിസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നാടോടി സംഘം പോയേക്കാവുന്ന സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി.ഇതിനിടയില്‍ സംഘം കൊല്ലം ചിന്നക്കടയില്‍ എത്തിയെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്. മോഷണ മുതല്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
സംഘം ഓട്ടോറിക്ഷകളില്‍ മാറി മാറി കയറിയാണ് കൊല്ലത്തെത്തിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."