വെസ്റ്റ് കൊടിയത്തൂര്‍- ഇടവഴിക്കടവ് റോഡിന്റെ ശോച്യാവസ്ഥ: വാഴനട്ടു പ്രതിഷേധിച്ചു
കൊടിയത്തൂര്‍: വെസ്റ്റ് കൊടിയത്തൂരില്‍ നിന്ന് ഇടവഴിക്കടവിലേക്ക് പോകുന്ന റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഈ റോഡ് വഴിയുള്ള കാല്‍നട യാത്ര പോലും പ്രയാസമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് ഓട്ടോറിക്ഷകള്‍ സര്‍വിസ് നടത്താന്‍ മടിക്കുകയാണ്. മഴക്കാലമായതിനാല്‍ റോഡില്‍ രൂപപ്പെട്ട കുഴികളില്‍ ചളിയും വെള്ളവും നിറഞ്ഞതിനാല്‍ സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല് നടയാത്രക്കാരും വാഹനങ്ങളും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. ഈ റോഡിന്റെ നവീകരണത്തിനായോ അപകടാവസ്ഥയിലുള്ള പ്രദേശത്തെ പുതിയോട്ടില്‍ തൂക്ക് പാലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാനോ ചാലക്കല്‍, പുളയക്കോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനോ പഞ്ചായത്ത് ഭരണസമിതി തയാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ വികസന വകുപ്പ് ഇടവഴിക്കടവ്- വെസ്റ്റ് കൊടിയത്തൂര്‍ - അമ്പലക്കണ്ടി റോഡിനായി 85 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തിക്ക് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നതായും പുതിയ എല്‍.ഡി.ഫ് സര്‍ക്കാര്‍ അത് അട്ടിമറിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്തെ പഞ്ചായത്ത് ഭരണസമിതി തുടര്‍ച്ചയായി അവഗണിക്കുകയാണെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെസ്റ്റ് കൊടിയത്തൂര്‍- ഇടവഴിക്കടവ് റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു.
പ്രതിഷേധ റാലിക്ക് എം.പി അബ്ദുല്‍മജീദ്, പി.കെ ഫൈസല്‍, എ.കെ റാഫി, വി.വി നൗഷാദ്, തൊട്ടിമ്മല്‍ അഹമ്മദ്, നിയാസ് കലങ്ങോട്ട്, നെരെന് കുഴി മുഹമ്മദ്, എ.കെ ഫിര്‍ദൗസ്, അമീന്, ജസീല്‍ പറക്കുഴി, എ.കെ കുട്ടി ഹസ്സന്, എ.കെ ജസീല്‍, ശമീര്‍ ചാലക്കല്‍, അഫ് ലഹ് പുതിയോട്ടില്‍, എന്‍. ജുബൈര്‍, ടി.കെ നബീല്‍, വി.വി ഷഫ്റീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."