കാറ്റും കോളും; കരയ്ക്കടുപ്പിക്കാനാകാതെ കടലില്‍ വള്ളങ്ങള്‍ കുടുങ്ങിയത് മണിക്കൂറുകള്‍
വിഴിഞ്ഞം: കടലില്‍ അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ കൊടുംകാറ്റിനെയും കോളിനേയും തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ കരക്കടുപ്പിക്കാനാകാതെ കടലില്‍ മണിക്കൂറുകളോളം കുടുങ്ങിയത് വിഴിഞ്ഞം തീരത്തിനെ ആശങ്കയിലാക്കി. ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ തീരദേശ പൊലിസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടുകള്‍ തിരികെ തുറമുഖത്തടുപ്പിച്ചു.
ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന മുംബൈയില്‍ നിന്നെത്തിയ ടഗ്ഗിനും തിരയടിയില്‍ പിടിച്ച് നില്‍ക്കാനാകാതെ തുറമുഖ വകുപ്പ് അധികൃതരുടെ സഹായം തേടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന കാറ്റും കടല്‍ക്ഷോഭവും ഇന്നലെ രാവിലെ മുതല്‍ ഏറെ ശക്തമായതാണ് മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്ത്തിയത്. മീന്‍ പിടിക്കാനായി പുലര്‍ച്ചെവള്ളമിറക്കി ഉള്‍ക്കടലില്‍ പോയവരാണ് കുടുങ്ങിയത്. കാറ്റിനോടൊപ്പം രൂപംകൊണ്ട കടല്‍ക്ഷോഭത്തില്‍പ്പെട്ട വള്ളങ്ങള്‍ നിയന്ത്രണംതെറ്റി തലങ്ങും വിലങ്ങും ഓടിയതായി ഏറെ സാഹസപ്പെട്ട് കരയിലെത്തിയവര്‍പറഞ്ഞു.
രാവിലെ തുറമുഖത്തണയേണ്ട വള്ളങ്ങള്‍ ഉച്ചയായിട്ടും മടങ്ങിയെത്താത്തതാണ് കരയില്‍ ആശങ്ക പടര്‍ത്തിയത്. ഉച്ചയോടെ വള്ളങ്ങള്‍ അപകടം കൂടാതെ മടങ്ങിയെത്തിയതോടെയാണ് ആശങ്കയൊഴിഞ്ഞത്. അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തെ സഹായിക്കാന്‍ കഴിഞ്ഞ ദിവസം എത്തി ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന ട്രൈറ്റണ്‍ എനര്‍ജി എന്ന കൂറ്റന്‍ ടഗ്ഗിനും കാറ്റിനെയും തിരയെയും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ആടിയുലഞ്ഞ ടഗ്ഗിനെയും ജീവനക്കാരെയും രക്ഷിക്കാന്‍ അധികൃതര്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടി. വൈകുന്നേരം മൂന്നരയോടെ ടഗ്ഗിനെ പുതിയ വാര്‍ഫില്‍ അടുപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."