ലയനനീക്കത്തില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു
കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കത്തില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് ആചരിക്കുമെന്ന് യു.എഫ്.ബി.യു (യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനവിരുദ്ധ പൊതുമേഖലാ ബാങ്കുകളുടെ ലയനീക്കം ഉപേക്ഷിക്കുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് മേഖലയിലെ മുഴുവന്‍ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്ക് ആചരിക്കുന്നത്. വിജയ ബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാരെയും പൊതുജനത്തിനെയും ദോഷകരമായി ബാധിക്കും.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 1,55,000 കോടി രൂപയാണ് പ്രവര്‍ത്തന ലാഭമുണ്ടാക്കിയത്. എന്നാല്‍ ലാഭവിഹിതം മുഴുവന്‍ കിട്ടാക്കട നീക്കിയിരുപ്പിനായാണ് ഉപയോഗിച്ചത്. രാജ്യത്തെ കിട്ടാകടങ്ങളില്‍ ഭൂരിഭാഗവും കോര്‍പറേറ്റുകളുടെതാണ്.
ഇത്തരം കിട്ടാകടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരും, റിസര്‍വ് ബാങ്കും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
2014-18 കാലയളവില്‍ മൂന്നരലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്. പന്ത്രണ്ട് കമ്പനികള്‍ മാത്രം 2,53,000 കോടിയാണ് കിട്ടാക്കടം വരുത്തിയത്. ഇത് ഗുരുതരമായ ദേശിയ നഷ്ടമാണ്. കിട്ടാക്കടങ്ങള്‍ മൂലം സംജാതമായ സാഹചര്യങ്ങളുടെ പരിഹാരമായും പരിഷ്‌ക്കാരമായും നിര്‍ദേശിക്കപ്പെടുന്നത് സ്വകാര്യവല്‍ക്കരണവും ലയനവുമാണ്. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നും ഇവര്‍ പറഞ്ഞു.
ഗ്ലോബല്‍ ബാങ്കുകളല്ല വേണ്ടത,് മറിച്ച്ശക്തമായ ബാങ്കുകളാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സി.ഡി ജോണ്‍സണ്‍ എ.ഐ.ബി.ഇ.എ, മാത്യു എസ് തോമസ് എ.ഐ.ബി.ഒ.സി, അഖില്‍ എസ് എന്‍.സി.ബി.ഇ, ജി . ശ്രീകുമാര്‍ എ.ഐ.ബി.ഒ.എ, കെ.എസ് രവീന്ദ്രന്‍ ബി.ഇ.എഫ്.ഐ, ലക്ഷ്മണ്‍ പ്രഭു ഐ.എന്‍.ബി.ഒ.സി, പി.ടി ജോസ് ഐ.എന്‍.ബി.ഇ.എഫ്, സി.ടി രാജേഷ് എന്‍.ഒ.ബി.ഡബ്ല്യൂ, കൈലാസനാഥന്‍ പിഎസ് എന്‍.ഒ.ബി.എ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."