മുളിയാര്‍ സി.എച്ച്.സിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു
ബോവിക്കാനം: മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. നിലവിലുള്ള പഴയ കെട്ടിടത്തിനു സമീപത്തായാണ് മൂന്ന് നിലകളിലായി ആധുനിക സൗകര്യത്തോട് കൂടിയുള്ള പുതിയ കെട്ടിടം പണിയുന്നത്. ഇതോടനുബന്ധിച്ച് ജിവനക്കാര്‍ക്ക് താമസിക്കാനുള്ള മൂന്ന് ക്വാര്‍ട്ടേഴ്സുകളും നിര്‍മിക്കും.
രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള വാര്‍ഡുകള്‍, ഒ.പി വിഭാഗം, ഫാര്‍മസി, ലബോറട്ടറി, ശുചി മുറികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളതാണ് പുതിയ കെട്ടിടം. നബാര്‍ഡിന്റെ ധനസഹായത്തോടെ എന്‍ഡോസള്‍ഫാന്‍ പക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടു കോടിപത്തുലക്ഷം രൂപ ചിലവിലാണ് മുളിയാര്‍ സി.എച്ച്.സി കെട്ടിടം നിര്‍മിക്കുന്നത്. 2012 ലാണ് തുക അനുവദിച്ചത്. പദ്ധതിക്ക് സര്‍ക്കാറിന്റെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും സാങ്കേതികാനുമതി ലഭിക്കാതിരുന്നതാണ് നിര്‍മാണ പ്രവര്‍ത്തനം വൈകാന്‍ കാരണമായത്.
നേരത്തെ പി.എച്ച്.സി ആയിരുന്ന ആശുപത്രിയെ പിന്നീട് സി.എച്ച്.സിയായി ഉയര്‍ത്തിയെങ്കിലും പഴയ കെട്ടിടത്തില്‍ തന്നെയാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഈ കെട്ടിടം കാലപഴക്കം കാരണം കെട്ടിടത്തിന്റെ ചുമരും മേല്‍ക്കൂരയും പൊട്ടി വീണും മഴയില്‍ ചോര്‍ന്നൊലിച്ചും അപകട ഭീഷണി നേരിടുകയാണ്. മുളിയാര്‍, കാറഡുക്ക, ദേലംപാടി തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."