മെഡിക്കല്‍ ഫീസ് വര്‍ധന: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഫീസ് വര്‍ധനയ്‌ക്കെതിരേ വി.ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മറ്റു നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.
അഞ്ചു ലക്ഷം രൂപ ഫീസ് ഹൈക്കോടതി അംഗീകരിച്ച ശേഷം ആരോഗ്യ മന്ത്രിയെയും സെക്രട്ടറിയെയും നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ കരാര്‍ ഒപ്പിട്ടതെന്ന് സതീശന്‍ ആരോപിച്ചു. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ ഫീസ് നിശ്ചയിച്ച ശേഷവും മൂന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതാണ് സുപ്രിംകോടതിയില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണമായത്.
ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിട്ടും അലോട്ട്‌മെന്റ് വൈകിപ്പിച്ച് സുപ്രിംകോടതിയില്‍ പോകാന്‍ മനഃപൂര്‍വ്വം മാനേജ്‌മെന്റുകള്‍ക്ക് അവസരം നല്‍കി. അഡ്മിഷന്‍ ആരംഭിച്ചിരുന്നെങ്കില്‍ മാനേജ്‌മെന്റുകളുടെ ഹരജിയില്‍ ഇടപെടാന്‍ കോടതി തയാറാകുമായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
സുപ്രിംകോടതി ഇപ്പോള്‍ നിര്‍ദേശിച്ച 11 ലക്ഷം രൂപ ഫീസ് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്നതല്ലെന്നും ഹൈക്കോടതിയുടെ 21നുള്ള അന്തിമവിധിയില്‍ ഫീസ് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സതീശനു മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
പാവപ്പെട്ട കുട്ടികള്‍ക്ക് 25,000 രൂപ ഫീസ് നല്‍കി പഠിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് എം.ഇ.എസ്, പരിയാരം, കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജുകളുമായി കരാറുണ്ടാക്കിയത്. ഫീ റഗുലേറ്ററി കമ്മിഷന്‍ അഞ്ചു ലക്ഷം ഫീസ് നിശ്ചയിച്ചപ്പോള്‍ തന്നെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഈ ഫീസ് അംഗീകരിച്ചെങ്കിലും അവര്‍ സുപ്രിംകോടതിയെ സമീപിച്ചു. ആദ്യഘട്ട അലോട്ട്‌മെന്റില്‍ സ്വകാര്യ കോളജുകളെ പരിഗണിക്കാനായില്ല. മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ കോടതി വിധിയുണ്ടായതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. നിലവിലുള്ള സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഇരിപ്പിടത്തിലേക്കു മടങ്ങാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയാറായില്ല. ഇതോടെ സബ്മിഷന്‍ റദ്ദാക്കുകയും മാരിടൈം ബോര്‍ഡ് ബില്‍ ചര്‍ച്ചയില്ലാതെ സബ്ജക്ട് കമ്മിറ്റിക്കു വിടുകയും ചെയ്ത ശേഷം സഭ നേരത്തെ പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."