ദേശീയ പതാകയെ അപമാനിച്ചു: ആര്‍.എസ്.എസ് നേതാവിനെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം
പാലക്കാട്: ചട്ടം ലംഘിച്ച് സ്‌കൂളില്‍ ദേശീയ പാതക ഉയര്‍ത്തിയ ആര്‍.എസ്.എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെതിരേ നടപടിയെടുക്കുമെന്ന് പാലക്കാട് ജില്ലാ ഭരണകൂടം. ദേശീയ പതാകയേയും ദേശീയ ഗാനത്തേയും അപമാനിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പാലക്കാട് മൂത്താംതറ കര്‍ണ്ണിയമ്മന്‍ സ്‌കൂളില്‍ ഇന്നലെ രാവിലെയാണ് ഇദ്ദേഹം പതാക ഉയര്‍ത്തിയത്.
എയ്ഡഡ് സ്‌കൂളുകളില്‍ പി.ടി.എ അംഗങ്ങളൊ സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളോ ജനപ്രതിനിധികളോ അല്ലാത്ത മറ്റാരും പതാക ഉയര്‍ത്തരുതെന്ന ചട്ടം ലംഘിച്ചാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.
മോഹന്‍ ഭാഗവത് സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നത് തടഞ്ഞു കൊണ്ട് കലക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും അത് ലംഘിച്ചാണ് നടപടി.
ദേശീയ പതാകയെ സംബന്ധിച്ച നാഷനല്‍ ഫ്ഌഗ് കോഡിലെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയതെന്നാണ് ആരോപണം. ദേശീയ ഗാനത്തിന് പകരം വന്ദേമാതരം ആലപിച്ചാണ് മോഹന്‍ ഭാഗവത് പരിപാടി കഴിഞ്ഞ് ഇറങ്ങിയത്.
സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് കൃത്യമായ നിബന്ധനകള്‍ ചട്ടത്തില്‍ പറയുന്നുണ്ട്. സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് മാത്രമേ പതാക ഉയര്‍ത്താവു, ദേശീയ പതാകയോട് നിശ്ചിത അകലം പാലിക്കണം, അധ്യാപകരും മറ്റും എഴുന്നേറ്റ് നില്‍ക്കണം.
പ്രധാന അധ്യാപകനോ അല്ലെങ്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നയാളോ അടുത്തു നില്‍ക്കണം, പതാകയെ സല്യൂട്ട് ചെയ്യണം, പ്രതിഞ്ജ ചൊല്ലണം, ഒടുവില്‍ ദേശീയഗാനം ആലപിക്കണം എന്നിവയാണ് ചട്ടങ്ങള്‍.
എന്നാല്‍ സ്‌കൂള്‍ അസംബ്ലിക്ക് പകരം സാധാരണ കെട്ടിയുണ്ടാക്കിയ പന്തലിന് മുന്‍പിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. നേരിട്ട് വന്ന് പതാക ഉയര്‍ത്തിയ ശേഷമാണ് മറ്റ് പരിപാടികള്‍ തുടങ്ങി. സല്യൂട്ട് ചെയ്യലും പ്രതിഞ്ജ ചൊല്ലലും ചട്ടപ്രകാരം നടത്തിയില്ല. ദേശീയഗാനം പോലും ആലപിക്കാതെ പരിപാടിയില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു.
അതേസമയം ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് സ്‌കൂളില്‍ പതാക ഉയര്‍ത്തിയതിന് കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. ദേശിയപതാകയെ മോഹന്‍ ഭാഗവത് അപമാനിച്ച കാര്യം ചിലര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും വിഡിയോ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും ജില്ലാ കലട്കര്‍ അറിയിച്ചു.
സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ
നടപടിയെടുക്കണം: എസ്.ഡി.പി.ഐ
കോഴിക്കോട്: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ചട്ടം ലംഘിച്ച് ആര്‍.എസ്.എസ് നേതാവ് ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനത്തിന് പകരം വന്ദേ മാതരം ആലപിക്കുകയും ചെയ്ത സംഭവം രാജ്യത്തിന്റെ ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി. ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ കൂട്ടു നിന്ന സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."