പ്രവാസികള്‍ക്കായി വിവിധ പദ്ധതികള്‍: ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: പ്രവാസികള്‍ക്കായി രണ്ട് പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി പ്രവാസിക്ഷേമ ബോര്‍ഡ്. പദ്ധതികളുടെ ശുപാര്‍ശ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് മുഖ്യമന്ത്രിക്ക് കൈമാറി. നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രതിമാസ വരുമാനം ലഭിക്കുന്ന നിക്ഷേപ പദ്ധതിയായ ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതി, താഴേത്തട്ടിലുള്ള പ്രവാസികള്‍ക്കായി പ്രൊട്ടക്റ്റഡ് പ്രവാസി വില്ലേജ് എന്നിവയാണ് പരിഗണനയിലുള്ള പദ്ധതികള്‍. ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിയില്‍ വിദേശത്തോ സ്വദേശത്തോ ഉള്ള പ്രവാസികള്‍ക്ക് അഞ്ചുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ തുക ആറു ഘട്ടങ്ങളായോ ഒറ്റ ഘട്ടമായോ ആണ് നിക്ഷേപിക്കേണ്ടത്.
ഫണ്ട് പൂര്‍ണമായും സര്‍ക്കാരിന് ലഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപകന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഡിവിഡന്റ് എല്ലാ മാസവും ലഭിക്കും. ഇതില്‍ അംഗമാകുന്ന വ്യക്തി മരിച്ചാല്‍ ജീവിത പങ്കാളിക്ക് തുക ലഭിക്കും. അവരുടെ മരണശേഷം നിക്ഷേപ തുക നിയമപരമായ അവകാശിക്ക് നല്‍കും. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഇടയ്ക്കുവച്ച് പിന്‍വലിക്കാനാകില്ല.നിശ്ചിത തുകയ്ക്ക് വില്ലകള്‍ നല്‍കുന്നതാണ് പ്രൊട്ടക്റ്റഡ് പ്രവാസി വില്ലേജ് പദ്ധതി. ഇതിനായി സബര്‍ബന്‍ നഗരപ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കും. അഞ്ചുമുതല്‍ 10 സെന്റ് വരെ ഭൂമിയില്‍ 1000 മുതല്‍ 3000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള വില്ലകളാണ് നിര്‍മിക്കുക. പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
പ്രവാസി കേരളീയന്‍ 1 എ വിഭാഗത്തിലുള്ളവരുടെ പെന്‍ഷന്‍ 3,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തതായും ചെയര്‍മാന്‍ അറിയിച്ചു. അംശാദായം അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയവരുടെ അംഗത്വം പുനഃസ്ഥാപിക്കുന്നതിനായി സെപ്റ്റംബര്‍ മുതല്‍ ആറുമാസത്തേക്ക് പലിശയും പിഴയും ഒഴിവാക്കാനും ബോര്‍ഡ് തീരുമാനിച്ചു. പ്രവാസിക്ഷേമ പെന്‍ഷന്‍ ഏകീകൃത നിരക്കില്‍ 2,000 രൂപയാക്കിയതിനുപിന്നാലെ കൂടുതല്‍ ആളുകള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പ്രവാസി ക്ഷേമബോര്‍ഡിന്റെ പരിഗണനയിലാണ്. മരണാനന്തര ധനസഹായം കാറ്റഗറി വ്യത്യാസമില്ലാതെ ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്നും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് സി.ഇ.ഒ ജോസ്, ഡയറക്ടര്‍മാരായ ആര്‍. കൊച്ചുകൃഷ്ണന്‍, എന്‍.വി ബാദുഷ, കെ.സി ജീവ് തൈക്കാട് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."