ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു
കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ ലഘുലേഖ വിതരണം ചെയ്തതിന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ച മുജാഹിദ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയാണ് 40 വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ പ്രവര്‍കരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഇന്നലെയാണ് പ്രവര്‍ത്തകര്‍ വടക്കേക്കരയില്‍ വീടുകള്‍ കയറിയിറങ്ങി തീവ്രവാദ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തത്. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ശക്തികേന്ദ്രമായ വടക്കേക്കര തറയില്‍ കവലയില്‍ രാവിലെ വീടുകള്‍ കയറിയിറങ്ങി നോട്ടിസുകള്‍ നല്‍കുന്നത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി തീവ്രവാദികളെന്ന് ആരോപിച്ച് ഇവരെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു.
ഇവരെ തടഞ്ഞുവച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മറ്റു സ്ഥലങ്ങളിലേക്കും സന്ദേശം നല്‍കിയതോടെ വിവിധ പ്രദേശങ്ങളില്‍ നോട്ടിസ് വിതരണം നടത്തുകയായിരുന്ന മുജാഹിദ് പ്രവര്‍ത്തകരെ പിടികൂടി ക്രൂരമായി മര്‍ദിച്ചതിനു ശേഷം പൊലിസിനെ അറിയിക്കുകയായിരുന്നു. വടക്കേക്കര പൊലിസിനെ കുടാതെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ഉള്‍പ്പെടെയുള്ള കൂടുതല്‍ പൊലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. വിവിധ പ്രദേശങ്ങളില്‍നിന്ന് സംഘ് പരിവാറുകാര്‍ മുജാഹിദ് പ്രവര്‍ത്തകരെ പിടികൂടി മര്‍ദിച്ച് പൊലിസിന് കൈമാറുകയും ചെയ്തു.
പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകും വഴിയും ചിലര്‍ക്ക് സംഘ്പരിവാറുകാരുടെ മര്‍ദനമേറ്റതായി ആരോപണമുണ്ട്. 'ഐ.എസ് മത നിഷിദ്ധം മാനവ വിരുദ്ധം', 'വിമോചനത്തിന്റെ പാത', 'വിശ്വാസത്തിന്റെ വഴി' തുടങ്ങിയ ലഘു ലേഖകളാണ് വിതരണം ചെയ്തത്. പൊലിസ് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് വടക്കേക്കരയിലെത്തി മുജാഹിദ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിനു ശേഷം മത സ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ചുമത്തുന്ന 153 എ വകുപ്പ് പ്രകാരം കേസെടുത്തതായി അറിയിക്കുകയായിരുന്നു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മര്‍ദിച്ചവര്‍ക്കെതിരേയും കേസെടുക്കുമെന്നും എസ്.പി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മതപരിവര്‍ത്തന പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് വടക്കേക്കര പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് മുജാഹിദ് പ്രവര്‍ത്തകരെ കളമശ്ശേരി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."