വിപണി ഇടപെടല്‍ ശക്തമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിപണി ഇടപെടല്‍ ശക്തിപ്പെടുത്തുമെന്നും കാണം വില്‍ക്കാതെ ഓണം ഉണ്ണാനുള്ള സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഓണം ബക്രീദ് സഹകരണ വിപണി 2017ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പൊതുവിതരണ ശൃംഖലകളും ശക്തിപ്പെടുത്തും. മാര്‍ക്കറ്റ് നെറ്റ്വര്‍ക്കിനായി 150 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത് വിപണി ഇടപെടലിനാണ്. കണ്‍സ്യൂമര്‍ഫെഡിന്റെയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെയും ഇടപെടലിലൂടെ വില നല്ലരീതിയില്‍ പിടിച്ചുനിര്‍ത്താനാകും. പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രവണതയുണ്ടായാല്‍ കര്‍ശനമായ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഓണം ബാസ്കറ്റിന്റെ ആദ്യ വില്പനയും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. സബ്സിഡി ഇനങ്ങളുടെ ആദ്യവില്പനയും അദ്ദേഹം നിര്‍വഹിച്ചു. അംഗപരിമിതര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബികയും കൗണ്‍സിലര്‍ പാളയം രാജനും നടത്തി. കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം. മെഹബൂബ് സ്വാഗതവും റീജിയണല്‍ മാനേജര്‍ ടി.എസ് സിന്ധു നന്ദിയും പറഞ്ഞു. സംസ്ഥാനമാകെ 3500 ബക്രീദ്ഓണം വിപണികളാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ മൂന്നുവരെ വിപണികള്‍ പ്രവര്‍ത്തിക്കും. പൊതുവിണിയേക്കാള്‍ 50 ശതമാനം വിലക്കുറവുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."